മസ്‌ക്കറ്റ് : ഒമാനിൽ കോവിഡ് വ്യാപനം പൂർണ നിയന്ത്രണത്തിലാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി ഡോ. അഹ്മദ് മുഹമ്മദ് അൽ സൈദി. പോസിറ്റീവ് കേസുകൾ 25 ശതമാനത്തിൽനിന്ന് ഒരു ശതമാനമായി കുറഞ്ഞു. രോഗവ്യാപനം നിയന്ത്രിക്കാൻ സാധിച്ചു. ഒമാനിലെ ഡിപ്ലോമാറ്റിക് ക്ലബ്ബിൽ നടന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് സാഹചര്യം നേരിടുന്നതിൽ ഒമാൻ നടപ്പാക്കിയിട്ടുള്ള മുൻകരുതൽനടപടികൾ സംബന്ധിച്ച് യോഗത്തിൽ മന്ത്രി വിശദീകരിച്ചു. മുൻകരുതൽ നിർദേശങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി തുടരാൻ അദ്ദേഹം ആവശ്യപ്പെട്ടു.

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 57 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഒരാൾകൂടി മരിക്കുകയും ചെയ്തു. 97 പേർകൂടി രോഗമുക്തി നേടി. ആകെ കോവിഡ് സ്ഥിരീകരിച്ചത് 3,02,924 പേർക്കാണ്. ഇവരിൽ 2,93,007 പേരും ഇതിനോടകം രോഗമുക്തരായി. 4,084 പേർക്കാണ് ഒമാനിൽ ജീവൻ നഷ്ടമായത്. 96.7 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തിനിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 രോഗികളെ മാത്രമാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ടിവന്നത്. ഇവർ ഉൾപ്പെടെ 82 പേർ ഇപ്പോൾ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇവരിൽ 26 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളിലുള്ളത്. ഇതുവരെ 12 മുതൽ 17 വയസ്സുവരെയുള്ള സ്കൂൾ വിദ്യാർഥികളിൽ 90 ശതമാനംപേർക്കും വാക്സിൻ നൽകിയതായാണ് ഔദ്യോഗികകണക്കുകൾ.