ദുബായ് : കോവിഡ് നിയന്ത്രണങ്ങളിൽ യു.എ.ഇ. ഇളവുകൾ കൊണ്ടുവന്നെങ്കിലും മുഖാവരണം ഉപയോഗിക്കാതിരുന്നാൽ കനത്ത പിഴ നൽകേണ്ടിവരുമെന്ന് അധികൃതർ ഓർമപ്പെടുത്തി. ലേബർക്യാമ്പുകളിൽ ഉള്ളവർ മുഖാവരണം നിർബന്ധമായും ധരിച്ചിരിക്കണം. 5000 ദിർഹം പിഴയാണ് നിയമം ലംഘിച്ചാൽ ഈടാക്കുക. ലേബർ ക്യാമ്പ് നടത്തിപ്പുകാരിൽനിന്നോ ക്യാമ്പിന്റെ ചുമതലയുള്ളയാളിൽനിന്നോ പിഴ ഈടാക്കും. ശാരീരിക അകലം പാലിക്കേണ്ടതും നിർബന്ധമാണ്.

പൊതുയിടങ്ങളിലും മുഖാവരണവും സാമൂഹിക അകലം പാലിക്കേണ്ടതും നിർബന്ധമാണ്. മാളുകൾ ഉൾപ്പെടെയുള്ള പൊതുയിടങ്ങളിൽ ശാരീരിക അകലം പാലിക്കാതിരുന്നാൽ 3000 ദിർഹംവരെയാണ് പിഴ. കൂടുതൽ ആളുകൾക്ക് പ്രവേശനം നൽകുകയോ, സാമൂഹിക അകലം പാലിക്കാതെ ഇരിക്കുകയോ, സ്ഥാപനങ്ങളിൽ വലിയതിരക്ക് ഉണ്ടാകുകയോ ചെയ്താൽ ഷോപ്പിങ് മാളുകളിൽനിന്ന് 20,000 ദിർഹം പിഴ ഈടാക്കും. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന ചെറുകിടസ്ഥാപനങ്ങൾക്ക് 10,000 ദിർഹം പിഴ ഈടാക്കും.

കോഫി ഷോപ്പുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ മുഖാവരണം മാറ്റാം. ശ്വസനതടസ്സമുള്ളവർക്ക് മുഖാവരണം മാറ്റാൻ അനുമതിയുണ്ട്. അസുഖം തെളിയിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് കൈയിൽ കരുതണം. വൈദ്യ പരിശോധനാസമയത്തും കായികപരിശീലനത്തിലും ആണെങ്കിൽ മുഖാവരണം വേണ്ട. കൂടാതെ ഭിന്നശേഷിക്കാർക്കും ശാരീരികബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും ഇളവുണ്ട്.