അബുദാബി : ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ഓർമകൾക്ക് മുന്നിൽ സ്മരണാഞ്ജലി അർപ്പിച്ചുകൊണ്ട് കേരള സോഷ്യൽ സെന്റർ 'ഇളയനില' എന്നപേരിൽ സംഗീത പരിപാടി സംഘടിപ്പിച്ചു. സെന്ററിലെ ഗായകർ എസ്.പി.ബി.യുടെ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ പ്രശസ്തമായ 12 ഗാനങ്ങളാണ് ഗാനാഞ്ജലിയായി സമർപ്പിച്ചത്. സെന്റർ ഫെയ്‌സ് ബുക്ക് പേജിലൂടെ തത്സമയം പ്രക്ഷേപണം ചെയ്ത പരിപാടി നിരവധിപേർ വീക്ഷിച്ചു. നവനീത് രഞ്ജിത്ത്, നീഹാര സജീവ് എന്നിവർ ചേർന്നൊരുക്കുന്ന 'ഹൃദയവും' എന്ന സംഗീത ആൽബത്തിന്റെ പോസ്റ്റർ പ്രകാശനം ചടങ്ങിനോടനുബന്ധിച്ച് നടന്നു. പ്രസിഡന്റ് വി.പി. കൃഷ്ണകുമാർ ഇളയനിലയുടെ ഉദ്‌ഘാടനം നിർവഹിച്ചു. മാധ്യമ പ്രവർത്തകനും ഗ്രന്ഥകർത്താവും നിരൂപകനുമായ രവിമേനോൻ എസ്.പി. ബാലസുബ്രഹ്മണ്യം അനുസ്മരണ പ്രഭാഷണം നടത്തി. സെന്റർ ജനറൽ സെക്രട്ടറി ലൈനാ മുഹമ്മദ് സ്വാഗതം പറഞ്ഞു.