: ലോകരാജ്യങ്ങൾ ശ്രദ്ധിക്കുന്ന ദുബായ് എക്സ്‌പോ സന്ദർശിക്കാൻ ഭാഗ്യം ലഭിച്ച സന്തോഷത്തിലാണ് ഞാൻ. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ദുബായ് എക്സ്‌പോ സന്ദർശിച്ചത്. പ്രവാസജീവിതത്തിലെ വലിയ അനുഭവമായാണ് എക്സ്‌പോയെ ഞാൻ വീക്ഷിക്കുന്നത്. കണ്ട കാഴ്ചകളെക്കാൾ കാണാനിരിക്കുന്നവയാണ് ഗംഭീരം എന്നുതോന്നിപ്പിക്കുംവിധം ഇനിയും എക്സ്‌പോ നഗരിയിലെത്തി കൂടുതൽ കാണണമെന്നാണ് ആഗ്രഹം. ആറുമാസത്തെ സീസൺ പാസ്സാണ് എക്സ്‌പോ സന്ദർശനത്തിന് ഇപ്പോൾ കൈയിലുള്ളത്. എക്സ്‌പോ നഗരിയിലെത്തിയാൽ വാഹനം പാർക്കുചെയ്യാൻ വിപുലമായ സൗകര്യങ്ങൾ, പാർക്കിങ് സ്ഥലങ്ങളിൽനിന്ന് എക്സ്‌പോ കവാടങ്ങളിലേക്ക് സൗജന്യ ബസ് സർവീസ് എന്നിവയെല്ലാം തുടക്കത്തിലേ ആകർഷണങ്ങളാണ്. ഇത്തരം സൗകര്യങ്ങൾ എക്സ്‌പോ വീണ്ടും സന്ദർശിക്കാൻ ആളുകൾക്ക് ആഗ്രഹമുണ്ടാക്കുന്നു. സന്ദർശകർ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം, വാഹനം പാർക്കുചെയ്ത സ്ഥലങ്ങളും ബസ് കയറുന്ന സ്റ്റോപ്പിന്റെ വിവരങ്ങളും കൃത്യമായി ധാരണയുണ്ടായിരിക്കണം. അനായാസം നഗരിയിൽനിന്നും വാഹനമെടുത്ത് തിരിച്ചുവരാൻ സഹായകരമായിരിക്കും.

ഞാൻ ആദ്യംപോയത് സസ്റ്റൈനിബിലിറ്റി ഗേറ്റിലേക്കായിരുന്നു. അവിടെനിന്നും ഓപ്പർച്യൂണിറ്റി ഭാഗത്തേക്കും സന്ദർശനം. അൽപദൂരം നടന്നപ്പോൾ ഒരു പ്രത്യേകതരം വാഹനം വരുന്നതുകണ്ടു. കൈ കാണിച്ചപ്പോൾ മലയാളിയാണ് വാഹനമോടിക്കുന്നത്. ‘എവിടേക്ക് പോകുന്നു’ വെന്ന് എന്നോട് ചോദിച്ചു, കാര്യംപറഞ്ഞപ്പോൾ ‘കൊണ്ടുവിടാം’ എന്നായി. ഈ വാഹനം സന്ദർശകർക്ക് സൗജന്യമായി പവിലിയനുകൾ ചുറ്റിക്കാണാനുള്ള സൗജന്യ സർവീസ് ആണെന്നും മനസ്സിലായി. ലോകത്തിലെ 192 രാജ്യങ്ങളുടെ വിശേഷങ്ങളുള്ള പവിലിയനുകൾ, തലയുയർത്തി നിൽക്കുന്ന ഇന്ത്യൻ പവിലിയൻ. എക്സ്‌പോയിൽ പ്രദർശിപ്പിക്കുന്ന വിവിധ കമ്പനികളെക്കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കാനാണ് കൂടുതൽ സമയം ചെലവഴിച്ചത്.

ഇനിയും സന്ദർശിച്ച് ഓരോ പവിലിയനും കൂടുതൽ മനസ്സിലാക്കി എഴുതാനും മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കാനുമുള്ള ശ്രമത്തിലാണ്.