ദുബായ് : അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എക്സ്പോ 2020-യിലെ ഐക്യരാഷ്ട്രസഭാ സെന്ററിൽ സന്ദർശനം നടത്തി. ഓപ്പർച്യുണിറ്റി പവിലിയനിലുള്ള യു.എൻ. സെന്ററിൽ അന്താരാഷ്ട്രതലത്തിൽ സ്വകാര്യ-പൊതുമേഖലകളുടെ പങ്കാളിത്തത്തിൽ നടപ്പാക്കുന്ന ഒട്ടേറെ പദ്ധതികളെക്കുറിച്ചുള്ള പ്രദർശനവും ശില്പശാലകളും അദ്ദേഹം വിലയിരുത്തി. ജലം, ഭക്ഷണം, ഊർജം എന്നിവയുമായി ബന്ധപ്പെട്ടവയാണ് യു.എൻ. അവതരണങ്ങൾ. ലോകത്തിന്റെ ആവശ്യകത നിറവേറ്റുന്നതിന് സംവിധാനങ്ങൾ സജ്ജമാക്കേണ്ടുന്നതിന്റെ ആവശ്യകത പ്രതിനിധിസംഘം വിശദീകരിച്ചു. കഷ്ടതയനുഭവിക്കുന്ന സമൂഹത്തിനുവേണ്ടിയുള്ള മാനവികതയുടെ കൈകോർക്കൽ ആവശ്യമാണെന്ന് പ്രദർശനം അടയാളപ്പെടുത്തുന്നു.