അബുദാബി : 'സുരക്ഷിത വഴി' എന്ന ആശയത്തിൽ അബുദാബി പോലീസ് ഹാപ്പിനെസ് പട്രോൾ ഗതാഗത ബോധവത്‌കരണം നടത്തി. ഷാ ഫീൽഡിലെ അഡ്‌നോക് സോർ ഗ്യാസിൽ നടന്ന പരിപാടിയിൽ നിരത്തുകളിലെ അപകടങ്ങളെക്കുറിച്ചുള്ള വീഡിയോദൃശ്യങ്ങളും ഫോട്ടോകളും പങ്കുവെച്ചു.

റോഡപകടത്തിലേക്ക് വഴിവെക്കുന്ന കാരണങ്ങളാണ് പ്രധാനമായും വിശദീകരിച്ചത്. ഡ്രൈവറുടെ ശ്രദ്ധതിരിക്കുംവിധത്തിലുള്ള വിവിധ പ്രവർത്തനങ്ങളിൽ ഒന്ന് മൊബൈൽ ഫോണിന്റെ ഉപയോഗമാണ്. ഇത് അപകടങ്ങൾക്ക് പ്രധാനകാരണമാകുന്നതായി പോലീസ് പങ്കുവെച്ച അപകടദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നു. വാഹനങ്ങൾക്കിടയിൽ ആവശ്യമായ അകലം പാലിക്കാത്തതും അമിതവേഗവും പെട്ടെന്ന് ട്രാക്ക് മാറ്റുന്നതുമെല്ലാം അപകടത്തിലേക്ക് നയിക്കുന്നു. അപകടത്തിൽപ്പെട്ട വാഹനങ്ങളെ കണ്ടുകെട്ടുന്നതടക്കമുള്ള ശിക്ഷാവിധികളും പോലീസ് വിശദീകരിച്ചു.