അബുദാബി : അപകടങ്ങൾ നിയന്ത്രിക്കുന്നതിന് സ്ഥാപിച്ച സൈൻബോർഡുകളോ നിരീക്ഷണ ക്യാമറകളോ മുൻവിധിയോടെ നശിപ്പിക്കുന്നവർക്ക് ശിക്ഷ കടുപ്പിച്ച് പബ്ലിക് പ്രോസിക്യൂഷൻ. ഒരു വർഷത്തിൽ കുറയാത്ത തടവും 50,000 ദിർഹത്തിൽ കുറയാത്ത പിഴയുമാണ് ശിക്ഷ ചുമത്തിയിരിക്കുന്നത്. പ്രോസിക്യൂഷൻ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പൊതുസുരക്ഷ ലക്ഷ്യമിട്ട് സജ്ജമാക്കിയ മെഷീനുകൾ, സ്ഥാപിച്ച സൈൻബോർഡുകൾ, നിരീക്ഷണ ക്യാമറകൾ, മറ്റുപകരണങ്ങൾ എന്നിവ മനഃപൂർവ്വം നീക്കം ചെയ്യുകയോ, നശിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരേയുള്ള നടപടികൾ കർശനമായിരിക്കുമെന്നും ഇത് വ്യക്തമാക്കുന്നു.