ഷാർജ : ഏകതയുടെ പത്താമത് ഷാർജ നവരാത്രി സംഗീതോത്സവത്തിൽ രണ്ടാംദിവസമായ വെള്ളിയാഴ്ച എൻ.ജെ. നന്ദിനി കല്യാണി രാഗത്തിൽ ‘പാഹിമാം ശ്രീ വാഗീശ്വരി ‘ (ആദിതാളം) എന്ന നവരാത്രി മണ്ഡപം കൃതി സമർപ്പണം നടത്തി. കാർത്തിക് മേനോൻ, കുഴൽമന്ദം രാമകൃഷ്ണൻ, എൻ. അമൃതകുമാർ എന്നിവർ പക്കമേളം നടത്തി. ഏകതാ പ്രവാസി ഭാരതി സംഗീത പുരസ്കാരം ചലച്ചിത്ര സംഗീതസംവിധായകൻ എം.ജയചന്ദ്രന് ദുബായ് എക്സ്പോ സെന്ററിൽ സമർപ്പിച്ചു. യു.പി. ശശിമേനോൻ പ്രശംസാപത്രവും വി.ജി. പ്രേം ഫലകവും ഡോ. സതീഷ് കൃഷ്ണൻ, ഹരികുമാർ എന്നിവർ ചേർന്ന് കാഷ് അവാർഡും നൽകി. തുടർന്ന് എം. ജയചന്ദ്രന്റെ നവരാത്രി കൃതി സമർപ്പണവും ഉണ്ടായിരുന്നു. സീതാരാഘു (വയലിൻ), കുഴൽമന്ദം രാമകൃഷ്ണൻ (മൃദംഗം), തൃപ്പൂണിത്തുറ രാധാകൃഷ്ണൻ (ഘടം) എന്നിവർ പക്കമേളമൊരുക്കി.

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസൺ ഉദ്ഘാടനം ചെയ്തു. യു.പി. ശശിമേനോൻ അധ്യക്ഷത വഹിച്ചു. ഹരികുമാർ സ്വാഗതവും വിനോദ് നമ്പ്യാർ നന്ദിയും പറഞ്ഞു.