ജഗത്തിൽ സൃഷ്ടി-സ്ഥിതി- സംഹാരങ്ങൾക്ക് കാരണം മൂലപ്രകൃതിയായ ദേവിയാണ്. മൂലപ്രകൃതിയും മായയും ഒന്നുതന്നെയാണ്. ഭഗവാന് സൃഷ്ടികർമത്തിൽ ആഗ്രഹമുണ്ടായപ്പോൾ മൂലപ്രകൃതിയായ ദേവി ആവിർഭവിച്ചു. പ്രകൃതിയുടെ അർഥം ഒട്ടേറെയാണ്.

‘പ്രകൃഷ്ടവാചകഃപ്രശ്ച

കൃതിശ്ച സൃഷ്ടിവാചകഃ

സൃഷ്ടൗ പ്രകൃഷ്ടായാ ദേവി

പ്രകൃതി സാ പ്രകീർത്തിതാ’

പ്രകൃതിയിലെ ‘പ്ര’ എന്നതിന് പ്രകൃഷ്ടം (സമർഥം) എന്നും ‘കൃതി’ എന്നതിന് സൃഷ്ടി എന്നും ആണ് അർഥം. സൃഷ്ടികർമത്തിൽ സമർഥയായ ദേവി എന്നാണ് പ്രകൃതി ശബ്ദംകൊണ്ട് അർഥമാക്കേണ്ടത്. ‘പ്ര’ എന്നതിന് ആദ്യം എന്നും ‘കൃതി’ എന്നതിന് സൃഷ്ടി എന്നും അർഥം പറയാം. സൃഷ്ടിയുടെ തുടക്കത്തിലുള്ള ദേവിയാണ് പ്രകൃതി.

മൂലപ്രകൃതിയായ ജഗദംബയുടെ അഞ്ച് മൂർത്തീഭേദങ്ങളാണ് ലക്ഷ്മി, സരസ്വതി, സാവിത്രി, രാധ, ദുർഗ എന്നിവർ. ഈ അഞ്ച് രൂപങ്ങളായാണ് മൂലപ്രകൃതിയുടെ സ്ഥിതി.

സമ്പത്തിന്റെ അധിഷ്ഠാന ദേവതയാണ് ലക്ഷ്മി. ‘‘ദേവിഭൂതാ മഹാലക്ഷ്മിസ്വസാസ്മൃതാ’’ മഹതിയായ ദേവിയായതിനാൽ മഹാലക്ഷ്മി എന്നും പറയുന്നു. ലക്ഷ്മീദേവിയുടെ അനുഗ്രഹത്താൽ ജ്ഞാനം, ധർമം, സൗഭാഗ്യം, പ്രതാപം, സർവാധികാരം എന്നിവ ലഭിക്കും. വൈകുണ്ഠത്തിൽവെച്ച് ലക്ഷ്മിയെ മഹാവിഷ്ണുവാണ് ആദ്യം പൂജിച്ചത്. പിന്നീട് മഹാദേവൻ, ബ്രഹ്മാവ്, ദേവന്മാർ, ഋഷികൾ എന്നിവരും ലക്ഷ്മീദേവിയെ പൂജിച്ചു.

വൈകുണ്ഠത്തിൽ മഹാലക്ഷ്മി, സ്വർഗത്തിൽ സ്വർഗലക്ഷ്മി, പാതാളത്തിൽ നാഗലക്ഷ്മി, രാജാക്കന്മാരിൽ രാജലക്ഷ്മി, ഗൃഹസ്ഥന്മാരിൽ ഗൃഹലക്ഷ്മി, ഗോക്കളിൽ സുരഭി, യജ്ഞത്തിൽ ദക്ഷിണ എന്നീ പേരുകളിൽ ലക്ഷ്മി അറിയപ്പെടുന്നു. ദുർവാസാവിന്റെ ശാപത്താൽ ദേവന്മാർക്ക് സ്വർഗം നഷ്ടമായപ്പോൾ സ്വർഗലക്ഷ്മി വൈകുണ്ഠത്തിൽ മഹാലക്ഷ്മിയിൽ ലയിച്ചു. പാലാഴികടഞ്ഞപ്പോൾ വീണ്ടും ലക്ഷ്മി ആവിർഭവിച്ചു. ലക്ഷ്മീപ്രസാദത്താലാണ് സ്വർഗം ദേവന്മാർക്ക് തിരിച്ചുകിട്ടിയത്. കുബേരൻ ലക്ഷ്മി ഉപാസനയാലാണ് ഐശ്വര്യവാനായത്.

ധനലക്ഷ്മി, ആദ്യലക്ഷ്മി, ധന്യലക്ഷ്മി, ധൈര്യലക്ഷ്മി, ഗജലക്ഷ്മി, സന്താന ലക്ഷ്മി, ജയലക്ഷ്മി, വിദ്യാലക്ഷ്മി എന്നീ അഷ്ടലക്ഷ്മിമാർ പ്രസിദ്ധമാണ്.

‘ഇന്ദിരാ ലോകമാതാ മാ

രമാ മംഗലദേവതാ

ഭാർഗവീ, ലോകജനനീ

ക്ഷീരസാഗരകന്യകാ

ലക്ഷ്മീഃ പത്മാലയാ, പത്മാ

കമലാ ശ്രീ, ഹരിപ്രിയ’...

എന്നിങ്ങനെ 14 പര്യായങ്ങൾ ലക്ഷ്മീദേവിക്ക് അമരകോശത്തിൽ പറയുന്നുണ്ട്.