ദുബായ് : ചൊവ്വ പര്യവേക്ഷണ പേടകമായ ഹോപ് പ്രോബിൽനിന്നുള്ള ബഹിരാകാശത്തെ അപൂർവദൃശ്യങ്ങൾ പുറത്തുവിട്ട് യു.എ.ഇ. പകൽസമയം അന്തരീക്ഷത്തിലെ അറ്റോമിക് ഓക്സിജൻ, കാർബൺ മോണോക്സൈഡ് എന്നിവയുടെ സാന്ദ്രതയിലുണ്ടാകുന്ന വ്യത്യാസങ്ങളിൽ ചൊവ്വാ ഗ്രഹത്തിന് സംഭവിക്കുന്ന മാറ്റങ്ങളെ അടയാളപ്പെടുത്തുന്നതാണ് ചിത്രം. തീർത്തും അപ്രതീക്ഷിതമായ സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ് ഹോപ് പ്രോബിന്റെ ഇ.എം.യു.എസ്. ഉപകരണം പകർത്തിയ ചിത്രങ്ങളെന്ന് എമിറേറ്റ്സ് ചൊവ്വാ ദൗത്യത്തിന്റെ സയൻസ് ലീഡ് ഹെസ്സ അൽ മാത്രൂഷി പറഞ്ഞു. നിലവിൽ ചൊവ്വയിലെ അന്തരീക്ഷത്തെക്കുറിച്ചുള്ള ധാരണകൾ തിരുത്തുന്നതാണ് ഇവ. ചൊവ്വയുടെ മുകൾ അന്തരീക്ഷത്തിൽ നിന്ന് പുറപ്പെടുവിക്കുന്ന അൾട്രാവയലറ്റ് വികിരണത്തെക്കുറിച്ചുള്ള ശാസ്ത്രത്തിന്റെ മുൻധാരണയെ പുതിയ കണ്ടെത്തലുകൾ ചോദ്യം ചെയ്യും.

അറ്റോമിക് ഓക്സിജന്റെ സാന്ദ്രതയിൽ കണ്ടെത്തിയ ഉയർന്ന വ്യതിയാനം അസാധാരണ അന്തരീക്ഷ മാറ്റങ്ങളിലേക്ക് വിരൽ ചൂണ്ടുകയും ചെയ്യുന്നു. ചൊവ്വ അതിന്റെ ഭ്രമണപഥത്തിൽ സൂര്യനിൽനിന്ന് ഏറ്റവും ദൂരെയും അരികിലും ആയിരുന്ന സമയത്ത് എടുത്ത ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ഇത് ചൊവ്വയിലെ അന്തരീക്ഷത്തിന്റെ മുകൾ ഭാഗവും താഴ്ന്ന ഭാഗവും തമ്മിലുള്ള ബന്ധം വിശകലനം ചെയ്യാനും വിവിധ സമയങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്ക് വ്യക്തത നൽകാനും സഹായിക്കും. യു.എ.ഇ. സുവർണജൂബിലിയാഘോഷങ്ങളോട് ചേർന്നാണ് ചൊവ്വ പര്യേവേക്ഷണത്തിന്റെ വിജയകരമായ കുതിപ്പെന്നത് രാജ്യത്തിന്റെ ബഹിരാകാശ വികസന പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നു.