ഷാർജ : ഗൾഫുരാജ്യങ്ങളിലടക്കം കോൺഗ്രസ് നേതാക്കൾ വ്യത്യസ്തപേരുകളിൽ സംഘടനകൾ രൂപവത്കരിച്ച് പ്രവർത്തിക്കുന്നതിന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ വിലക്ക് ഏർപ്പെടുത്തിയത് യു.എ.ഇ. ഇൻകാസ് സ്വാഗതം ചെയ്തു. 'ആളൊന്നിന് സംഘടന' എന്ന പ്രവണത തെറ്റാണെന്ന കെ.പി.സി.ഡി.സി. അധ്യക്ഷന്റെ അഭിപ്രായത്തെ പൂർണമായും പിന്തുണയ്ക്കുകയാണെന്ന് ഇൻകാസ് യു.എ.ഇ. കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദാലി പറഞ്ഞു. കോൺഗ്രസിനെ ദുർബലപ്പെടുത്തുന്ന രീതിയിൽ നേതാക്കളും പ്രവർത്തകരും പല പേരുകളിൽ സംഘടനകൾ രൂപവത്‌കരിക്കുന്നത് കെ.പി.സി.സി. തടയിടുക മാത്രമല്ല അത്തരം നേതാക്കളെ പ്രവാസി കോൺഗ്രസിൽ നിന്നടക്കം പുറത്താക്കുമെന്നുകൂടി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇൻകാസിൽ പ്രവർത്തിക്കുമ്പോൾത്തന്നെ പല 'പോക്കറ്റ് സംഘടനകളും' നേതാക്കൾ സ്വന്തം കാര്യങ്ങൾക്കായി രൂപവത്‌കരിച്ച് പ്രവർത്തിക്കുകയാണെന്ന് പുന്നക്കൻ മുഹമ്മദാലി കുറ്റപ്പെടുത്തി. കെ.പി.സി.സി. നിർദേശം ആദ്യം നടപ്പാക്കേണ്ടത് യു.എ.ഇ.യിൽ ആണെന്നാണ് ഇൻകാസ് പറയുന്നത്. ഷാർജ ഇന്ത്യൻ അസോസിയേഷൻ കേന്ദ്രീകരിച്ച് ഇത്തരത്തിൽ നിരവധി പ്രാദേശിക സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. മിക്ക സംഘടനകൾക്ക് പിന്നിലും കോൺഗ്രസിന്റെ ഔദ്യോഗിക കൂട്ടായ്മയായ ഇൻകാസിന്റെ നേതാക്കളും പ്രവർത്തകരുമാണ്. യു.എ.ഇ.യിലെ മിക്ക എമിറേറ്റുകളിലും ഇത്തരത്തിൽ സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. ഈ സംഘടനാ നേതാക്കളെല്ലാം ഒളിഞ്ഞും തെളിഞ്ഞും ഇൻകാസ് നേതൃത്വത്തെ കുറ്റപ്പെടുത്തുന്നവരുമാണ്. വി.എം.സുധീരൻ കെ.പി.സി.സി. പ്രസിഡന്റ് ആയിരിക്കുമ്പോൾ തന്നെ യു.എ.ഇയിൽ കോൺഗ്രസിന് ഔദ്യോഗികമായി ഇൻകാസ് മതിയെന്നും മറ്റു സംഘടനകൾ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടെങ്കിലും ഒന്നും നടന്നിട്ടില്ല. കെ.പി.സി.സി.യുടെ പുതിയ അധ്യക്ഷന്റെ നിർദേശം എത്രമാത്രം സ്വീകാര്യമാകുമെന്നാണ് ഇനി കണ്ടറിയേണ്ടത്.