അബുദാബി : സുവർണജൂബിലിയുടെ ഭാഗമായി യു.എ.ഇ. പ്രഖ്യാപിച്ച 50 വർഷത്തേക്കുള്ള പ്രവർത്തന പദ്ധതികളുടെ അടിസ്ഥാനമായ പത്ത് തത്ത്വങ്ങൾക്ക് പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ അംഗീകാരം. രാജ്യത്തെ എല്ലാ മന്ത്രാലയ വകുപ്പുകളും ഫെഡറൽ ലോക്കൽ അതോറിറ്റികളും സ്ഥാപനങ്ങളും ഈ തത്വങ്ങളെ അടിസ്ഥാനപ്പെടുത്തിവേണം പദ്ധതികൾ നടപ്പാക്കാനെന്ന് ശൈഖ് ഖലീഫ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.

നാഗരികവും ഗ്രാമീണവുമായ സമ്പദ്‌വ്യവസ്ഥകളെ ശക്തിപ്പെടുത്തിക്കൊണ്ട് എമിറേറ്റുകളുടെ ഏകീകൃത വികസനം നടപ്പാക്കും. ദേശീയ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ, നിയമനിർമാണം, ധനകാര്യം എന്നിവ ശക്തിപ്പെടുത്തും. ലോകത്തിലെ ഏറ്റവും മികവുറ്റതും ചലനാത്മകവുമായ സമ്പദ്‌വ്യവസ്ഥ വാർത്തെടുക്കും. സ്വകാര്യ പൊതുമേഖലകളിലെ സാമ്പത്തിക ഉന്നമനത്തിന് പ്രഥമ പരിഗണന നൽകും. രാഷ്ട്രത്തിന്റെ സാമ്പത്തിക താത്പര്യങ്ങൾ മുൻനിർത്തിയുള്ള വിദേശനയത്തിന് പ്രാധാന്യം നൽകും. ജനങ്ങൾക്ക് മികച്ച ജീവിതസാഹചര്യം ഉറപ്പാക്കുന്നതാകും നയങ്ങൾ. മാനവവിഭവശേഷിക്ക് മുഖ്യപരിഗണന നൽകും. വിദ്യാഭ്യാസരംഗത്തെ സമഗ്രവികസനത്തിലൂടെ സാധ്യതകൾ തുറന്നിടും. പ്രതിഭകൾക്ക് അവസരങ്ങൾ ലഭ്യമാക്കുകവഴി രാഷ്ട്രവികസനത്തിന് വേഗം കൂട്ടും. അയൽരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം സുശക്തമാക്കും. ഭൂമിശാസ്ത്രപരവും സാമൂഹികവും സാംസ്കാരികവുമായി സുരക്ഷിത സ്ഥാനത്തുള്ള യു.എ.ഇ.യുടെ സൗഹൃദപരമായ വിദേശനയം സഹവർത്തിത്വം ഉറപ്പാക്കും.

വ്യവസായം, വിനോദസഞ്ചാരം, ബിസിനസ്, സാംസ്കാരികം തുടങ്ങിയ മേഖലകളിലെ സാധ്യതകൾ ഉയർത്തി അന്തർദേശീയതലത്തിൽ സുപ്രധാനയിടമാകും. ഡിജിറ്റൽ, സാകേതിക, ശാസ്ത്രീയ രംഗങ്ങളിലെ പ്രവർത്തനങ്ങളിലൂടെ ലോകത്തിലെ യു.എ.ഇ.യുടെ സ്ഥാനം മികച്ചതാക്കി നിലനിർത്തും. കൂടുതൽ പ്രതിഭകളെ സംഭവനചെയ്യും. സഹിഷ്ണുത, സഹവർത്തിത്വം, വ്യക്തിസ്വാതന്ത്ര്യം, സാഹോദര്യം മുതലായ രാഷ്ട്രമൂല്യങ്ങൾ മുറുകെപ്പിടിച്ച് മാനവക്ഷേമം ഉറപ്പാക്കും. ജാതി മത രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറം കഷ്ടതയനുഭവിക്കുന്ന ലോകസമൂഹത്തിന് ലഭ്യമാക്കിവരുന്ന സഹായസഹകരണങ്ങൾ ശക്തമായി തുടരും. രാഷ്ട്രീയപരമായ വിയോജിപ്പുകൾക്കതീതമായി വെല്ലുവിളികളിൽ കൈത്താങ്ങാകും.

സമാധാന ശ്രമങ്ങൾക്ക് സാധ്യമായതെന്തിനും മുൻകൈയെടുക്കുകയെന്നത് യു.എ.ഇ. വിദേശനയത്തിന്റെ അടിസ്ഥാനമാണ്. അതിലൂന്നിയുള്ള പ്രവർത്തനങ്ങളിലൂടെ പരിഹാരങ്ങൾക്കുള്ള വഴികൾ തേടും. ഇത്രയും തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് എല്ലാ വികസന പ്രവർത്തനങ്ങളും നടപ്പാക്കേണ്ടതെന്ന് പ്രസിഡന്റിന്റെ ഉത്തരവിൽ വ്യക്തമാകുന്നു.