ദുബായ് : തട്ടിപ്പുസംഘങ്ങളുടെ ചതിക്കുഴികളിൽ വീഴാതിരിക്കാൻ എപ്പോഴും ജാഗ്രതാനിർദേശവും മുൻകരുതലും ഏർപ്പെടുത്തുന്ന രാജ്യമാണ് യു.എ.ഇ. ഇത് സംബന്ധിച്ച് ബോധവത്കരണവും അധികൃതരുടെ മേൽനോട്ടത്തിൽ നടത്തിവരാറുണ്ട്. കോവിഡ് തുടങ്ങിയതുമുതലാണ് വിവിധതരം ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമായത്. പഴം, പച്ചക്കറി തുടങ്ങി വീട്ടുസാധനങ്ങൾ വരെ കുറഞ്ഞവിലയിൽ ലഭ്യമാണെന്ന് പരസ്യം നൽകിയുള്ള വ്യാജ വെബ്‌സൈറ്റുകൾ പലതും അധികൃതരുടെ ഇടപെടലോടെ നിർത്തലാക്കി. അതേസമയം യാത്രാ വെബ്‌സൈറ്റുകളുടെ പേരിൽ വ്യാജന്മാർ കുറവായിരുന്നു. ഇപ്പോഴിതാ അത്തരം വെബ്‌സൈറ്റുകളും വ്യാപകമാകുന്നു എന്ന മുൻകരുതലാണ് പോലീസ് നൽകുന്നത്. അനൗദ്യോഗിക ട്രാവൽ വെബ്‌സൈറ്റുകളെ ഒരിക്കലും ആശ്രയിക്കരുതെന്നാണ് ദുബായ് പോലീസിന്റെ മുന്നറിയിപ്പ്. അനൗദ്യോഗിക യാത്രാ വെബ്‌സൈറ്റുകൾ നിർമിച്ച് പണം തട്ടിയെടുക്കുന്ന സംഘം കൂടിവരുന്ന പശ്ചാത്തലത്തിലാണ് നിർദേശം.

പലപ്പോഴും വിമാനടിക്കറ്റുകൾക്കും മറ്റും കുറഞ്ഞ നിരക്കാണ് ഇത്തരം അനൗദ്യോഗിക വെബ്‌സൈറ്റുകളിൽ കാണിക്കുക. പെട്ടന്നുതന്നെ ഇവയുടെ ആധികാരികത പോലും പരിശോധിക്കാതെ ആളുകൾ ടിക്കറ്റെടുക്കാൻ തയ്യാറാവുന്നു. പിന്നീട് ഓൺലൈനിൽനിന്നും ഇവ അപ്രത്യക്ഷമാവുന്ന സാഹചര്യങ്ങളുമുണ്ടാവാറുണ്ട്. വേനൽക്കാലം കൂടുതൽപ്പേരും യാത്രചെയ്യാൻ തിരഞ്ഞെടുക്കുന്ന സമയമാണ്. ഇതുമനസ്സിലാക്കി വെബ്‌സൈറ്റുകൾ നിർമിച്ച് പണം അപഹരിക്കുന്നവരുടെ ചതിയിൽപ്പെടരുതെന്ന് ദുബായ് പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ജമാൽ സലിം അൽ ജലാഫ് പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളിലൂടെയും ആളുകളെ ഇത്തരം സംഘങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നു. മോഷ്ടിച്ച കാർഡുകൾ ഉപയോഗിച്ചാണ് ഇത്തരം സംഘങ്ങൾ റിസർവേഷൻ നടത്തി ബുക്കിങ് വിവരങ്ങൾ അറിയിക്കുന്നത്. യാത്രകൾക്ക് തയ്യാറെടുക്കുന്നവർ നിർബന്ധമായും ഔദ്യോഗിക വെബ്‌സൈറ്റുകൾ ഉപയോഗിക്കണമെന്ന് പോലീസ് അറിയിച്ചു. പ്രമുഖ സ്ഥാപനങ്ങളുടെപേരിൽ വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കി ഓൺലൈൻ പണം തട്ടുന്ന സംഘത്തിനെതിരേ ജാഗ്രത വേണമെന്ന് അബുദാബി പോലീസ് അറിയിച്ചിരുന്നു.