നെടുമ്പാശ്ശേരി : 2030-ഓടെ സിയാലിനെ ലാൻഡിങ് ചാർജും പാർക്കിങ് ഫീയും ഈടാക്കാത്ത വിമാനത്താവളമാക്കി മാറ്റാനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് വി.ജെ. കുര്യൻ അറിയിച്ചു. മാനേജിങ് ഡയറക്ടർ സ്ഥാനം ഒഴിയുന്നതിനു മുന്നോടിയായി വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയിൽ പാതയോടു ചേർന്ന് ഒഴിഞ്ഞുകിടക്കുന്ന 100 ഏക്കർ വികസിപ്പിച്ച് എയർപോർട്ട് സിറ്റിയാക്കി ഉയർത്തി അതിലൂടെ വരുമാനം കണ്ടെത്താനാണ് പദ്ധതി. ഫുഡ് ഔട്ട്‌െലറ്റുകൾ, ഷോപ്പിങ് മാൾ, ഹൈഡ്രജൻ, സോളാർ ചാർജിങ് സ്റ്റേഷൻ ഉൾപ്പെടെ വിവിധങ്ങളായ പദ്ധതികൾ എയർപോർട്ട് സിറ്റിയിൽ നടപ്പാക്കും. അടുത്ത് ചേരുന്ന സിയാൽ ഡയറക്ടർ ബോർഡ് യോഗത്തിൽ പദ്ധതി അവതരിപ്പിക്കും.

പുതുതായി ചുമതലയേൽക്കുന്ന മാനേജിങ് ഡയറക്ടർ ഈ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നാണ് വിശ്വാസം. കോവിഡ് കാലത്ത് സിയാലിന്റെ വരുമാനം കുറഞ്ഞു. ഇതൊരു പാഠമായി കണ്ട് യാത്രക്കാർ കുറഞ്ഞാലും വരുമാനം കണ്ടെത്താനുള്ള മാർഗം കൂടി കണ്ടാണ് എയർപോർട്ട് സിറ്റി പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്. ലാൻഡിങ്, പാർക്കിങ് ചാർജുകൾ ഈടാക്കാതെ വരുമ്പോൾ കൂടുതൽ വിമാനങ്ങൾ കൊച്ചിയിലേക്ക്‌ എത്തും. കേരളത്തിൽ ഇനിയും പുതിയ വിമാനത്താവളത്തിന് സാധ്യതയുണ്ടെന്ന് കുര്യൻ പറഞ്ഞു. ന്യൂസീലൻഡിൽ 46 ലക്ഷമാണ് ജനസംഖ്യ. എന്നാൽ അവിടെ ആറ് വിമാനത്താവളങ്ങളുണ്ട്.

ഓഹരികൾ ലിസ്റ്റ് ചെയ്യാത്തത് സർക്കാരിന് സിയാലിലുള്ള നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് വിമാന സർവീസുകൾ കുറഞ്ഞതോടെ 80 കോടിയോളം രൂപയുടെ നഷ്ടമുണ്ട്. എന്നാലും 16 കോടിയോളം രൂപ നിലവിൽ പ്രവർത്തന ലാഭമുണ്ട്. കോവിഡ് കാലത്ത് സിയാലിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്തിട്ടില്ല. ആറു മാസത്തിനുള്ളിൽ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനാകും.

സിയാലിനായി കുടിയൊഴിഞ്ഞ 820 കുടുംബങ്ങൾക്ക് വിമാനത്താവളവുമായി ബന്ധപ്പെട്ട് തൊഴിൽ നൽകിയിട്ടുണ്ട്. സിയാൽ നടപ്പാക്കിയ പയ്യന്നൂരിലെ 12 മെഗാവാട്ട് പദ്ധതിയും അരിപ്പാറ ജലവൈദ്യുത പദ്ധതിയും ഈ മാസം കമ്മിഷൻ ചെയ്യുമെന്നും കുര്യൻ പറഞ്ഞു. വളരെ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്നും കുറച്ചുകാലം സ്വന്തം ഭൂമിയിൽ കാർഷികവൃത്തിയിലും മറ്റും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹമെന്നും കുര്യൻ കൂട്ടിച്ചേർത്തു.