കൊച്ചി : ഓൺലൈൻ പലചരക്ക് വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന ബിഗ് ബാസ്കറ്റിനെ ഏറ്റെടുത്തതിനു പിന്നാലെ ഫിറ്റ്‌നസ് സ്റ്റാർട്ട്അപ്പ് ആയ ക്യൂർഫിറ്റിന്റെ ഭൂരിഭാഗം ഓഹരികൾ സ്വന്തമാക്കി ടാറ്റ ഗ്രൂപ്പ്. 545 കോടി രൂപ (7.5 കോടി ഡോളർ) ആണ് ക്യൂർഫിറ്റിൽ ടാറ്റ ഡിജിറ്റൽ മുതൽമുടക്കുന്നത്.

ഓൺലൈൻ വസ്ത്ര വില്പനക്കാരായ മിന്ത്രയുടെ കോ-ഫൗണ്ടറായ മുകേഷ് ബൻസാലാണ് അത് ഫ്ളിപ്കാർട്ടിന് വിറ്റ് അവിടെ കുറച്ചുകാലം ജോലി ചെയ്ത ശേഷം ക്യൂർഫിറ്റ് സ്ഥാപിച്ചത്. 2016-ൽ അങ്കിത് നഗോരിയുമായി ചേർന്നാണ് കൾട്ട് ഫിറ്റ് എന്ന പേരിൽ ഫിറ്റ്‌നസ് സ്റ്റാർട്ട്അപ്പിന് തുടക്കം കുറിച്ചത്. പിന്നീട് പേര് മാറ്റുകയായിരുന്നു.

സംരംഭം ടാറ്റയുടെ ഭാഗമാകുന്നതോടെ, ടാറ്റ ഡിജിറ്റലിന്റെ പ്രസിഡന്റായി (സി.ഇ.ഒ.) അദ്ദേഹം ചുമതലയേൽക്കും. ക്യൂർഫിറ്റിനു പുറമെ ടാറ്റ ഡിജിറ്റലിനെ പൂർണമായി അദ്ദേഹം നയിക്കും. ഡിജിറ്റൽ ബിസിനസുകൾ കെട്ടിപ്പടുക്കാനാണ് ടാറ്റ സൺസിന്റെ പൂർണ ഉടമസ്ഥതയിൽ ടാറ്റ ഡിജിറ്റൽ എന്ന കമ്പനിക്ക് രൂപം നൽകിയിരിക്കുന്നത്.