ദുബായ് : ശാസ്ത്രം, സാങ്കേതികവിദ്യ, പൊതുജനാരോഗ്യം എന്നീ മേഖലകളിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായ തോട്ട് ലീഡർഷിപ്പ് ആൻഡ്‌ ഇന്നൊവേഷൻ ഫൗണ്ടേഷന്റെ (ടി.എൽ.ഐ.) ഡയറക്ടർ ബോർഡ് അംഗമായി ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടർ അലിഷാ മൂപ്പനെ തിരഞ്ഞെടുത്തു. മികച്ച പ്രാവിണ്യമുള്ള അലിഷയെപ്പോലൊരാൾ ഡയറക്ടർ ബോർഡിൽ ചേരുന്നതിൽ അഭിമാനമുണ്ടെന്ന് ടി.എൽ.ഐ. സ്ഥാപകനും ചെയർമാനുമായ ബിൽ ഓൾഡ്ഹാം പറഞ്ഞു.

എക്സിക്യൂട്ടീവ് നേതൃത്വത്തിനാവശ്യമായ കഴിവുകളും വൈദഗ്ധ്യവും സമന്വയിച്ച നേതൃത്വത്തിന് ഉദാഹരണമാണ് അലിഷയെന്ന് ടി.എൽ.ഐ. എക്സിക്യൂട്ടീവ് ഡയറക്ടർ റീഡ് ഹാർട്ട്‌ലി വ്യക്തമാക്കി. ആസ്റ്റർ കേയ്മാൻ മെഡ്‌സിറ്റി പദ്ധതി ഉൾപ്പെടെയുള്ള നിലവിലുള്ളതും ഇനി വരാനിരിക്കുന്നതുമായ ആരോഗ്യസംരക്ഷണ ദൗത്യങ്ങളിൽ പങ്കാളിത്തം വിപുലീകരിക്കാനും കൂടുതൽ പുരോഗതിക്കായി പ്രവർത്തിക്കാനും ടി.എൽ.ഐ. വഴി അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അലിഷാ മൂപ്പൻ പറഞ്ഞു.