ദുബായ് : ഹ്യൂമാനിറ്റേറിയൻ കെയർ ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ ദുബായ് ജയിലുകളിൽ കഴിയുന്ന തടവുകാരുടെ കുടുംബങ്ങൾക്ക് ആശ്വാസമെത്തിക്കുന്നു. ചാരിറ്റബിൾ അസോസിയേഷനുകളും ജീവകാരുണ്യപ്രവർത്തകരുമായി സഹകരിച്ച് 60 ലക്ഷം ദിർഹമാണ് ഇതിനായി മാറ്റിവെക്കുന്നത്. അന്തേവാസികളുടെ കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുക, ആവശ്യമായ നിയമനടപടികൾക്കുള്ള ഫീസ്, വിമാനടിക്കറ്റ്, വൈദ്യചികിത്സ, ശുചിത്വ കിറ്റുകൾ, നഷ്ടപരിഹാരത്തുക നൽകുക എന്നിവയിലേക്കായാണ് ഇത്രയും തുക ചെലവഴിക്കുക.

കൂടാതെ വനിതാതടവുകാരുടെ കുട്ടികൾക്കുള്ള ദൈനംദിന ആവശ്യങ്ങൾ, ഈദ് വസ്ത്രങ്ങൾ, സ്കൂൾ സാധനങ്ങൾ, സമ്മാനങ്ങൾ എന്നിവയും നൽകും. വിവിധ ചാരിറ്റബിൾ അസോസിയേഷനുകളുമായും മനുഷ്യസ്നേഹികളുമായും സഹകരിച്ച് അന്തേവാസികളെ സഹായിക്കാനുള്ള ഹ്യൂമാനിറ്റേറിയൻ കെയർ ഡിപ്പാർട്ട്‌മെന്റിന്റെ പരിശ്രമത്തെ ദുബായ് പോലീസിലെ തിരുത്തൽ, ശിക്ഷാ സ്ഥാപനങ്ങളുടെ ജനറൽ വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ അലി മുഹമ്മദ് അൽ ഷമാലി പ്രശംസിച്ചു.