ദുബായ് : മൂന്ന് രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരുടെ പ്രവേശനം കൂടി യു.എ.ഇ. താത്‌കാലികമായി നിർത്തി. സാംബിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, യുഗാൺഡ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ജൂൺ 11 വെള്ളിയാഴ്ച മുതൽ യു.എ.ഇയിലേക്ക് പ്രവേശിക്കാനാവില്ല. അതേസമയം ട്രാൻസിറ്റ്, കാർഗോ വിമാനങ്ങൾ പ്രവർത്തിക്കും. യു.എ.ഇ. പൗരന്മാർ, നയതന്ത്ര പ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, അവരുടെ കുടുംബാംഗങ്ങൾ, യു.എ.ഇ. എംബസികളിലും ദുരിതബാധിത രാജ്യങ്ങളിലും പ്രവർത്തിക്കുന്ന അഡ്മിനിസ്‌ട്രേറ്റർമാർ എന്നിവരെ വിലക്കിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം ഇന്ത്യക്കാർക്ക് നേരിട്ടുള്ള പ്രവേശനവിലക്ക് യു.എ.ഇ. ജൂലായ് ആറുവരെ നീട്ടിയിട്ടുണ്ട്. എന്നാൽ യു.എ.ഇയിൽ നിന്നും ഇന്ത്യയിലേക്ക് വിമാനസർവീസുകളുണ്ട്. യു.എ.ഇക്ക് പുറമേ ഒമാൻ, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളും ഇന്ത്യക്കാർക്ക് നേരിട്ട് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. താമസവിസക്കാർക്ക് ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലേക്ക് പ്രവേശിക്കാം.

അതേസമയം യു.എ.ഇയിൽ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം 2000-ത്തിന് മുകളിൽത്തന്നെ തുടരുകയാണ്. ആറ്് പേർകൂടി 24 മണിക്കൂറിനിടെ മരണപ്പെടുകയും ചെയ്തു. ആകെ മരണം 1710 ആണ്. 2179 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2151 പേർ രോഗമുക്തി നേടിയതായും ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. യു.എ.ഇയിലെ ആകെ രോഗികൾ 5,89,423 ആണ്. ഇവരിൽ 5,68,828 പേരും രോഗമുക്തി നേടി. നിലവിൽ 18,885 പേർ ചികിത്സയിലുണ്ട്. 2,54,412 പരിശോധനകളിൽനിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ കോവിഡ് പരിശോധന 5.21 കോടിയായി.

ദുബായിൽ സ്പോർട്‌സ് ഔട്ട്‌ലെറ്റ് ഒരുമാസത്തേക്ക് അടപ്പിച്ചു

ദുബായ്: കോവിഡ് മുൻകരുതൽ നടപടികൾ പാലിക്കാതിരുന്ന ദുബായിലെ ഒരു സ്പോർട്‌സ് ഔട്ട്‌ലെറ്റ് അധികൃതർ ഒരുമാസത്തേക്ക് അടപ്പിച്ചു. മുഖാവരണം ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിനും വീഴ്ച വരുത്തിയതിനാണ് നടപടി. കായിക സൗകര്യങ്ങളായ ഫിറ്റ്‌നെസ് സെന്ററുകൾ, ക്ലബ്ബുകൾ, അക്കാദമികൾ, മറ്റ് കായിക പരിപാടികൾ എല്ലാം കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിരിക്കണം. കോവിഡ് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധികൃതർ കർശന പരിശോധനയാണ് നടത്തിവരുന്നത്.

ഒന്നിലേറെ ആരോഗ്യ സുരക്ഷാ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് അബുദാബിയിൽ ഒരു ഹൈപ്പർ മാർക്കറ്റ് അടയ്ക്കാനും അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി ഉത്തരവിട്ടു. പൊതുശുചിത്വ മാർഗനിർദേശങ്ങൾ പാലിക്കുന്നില്ലെന്നാണ് അതോറിറ്റിയുടെ പ്രധാന കണ്ടെത്തൽ.

ഭക്ഷ്യവസ്തുക്കൾ സംരക്ഷിക്കുന്നതിലെ വീഴ്ചയും ശ്രദ്ധയിൽപ്പെട്ടിരുന്നു. ഏപ്രിൽ 25 മുതൽ ജൂൺ ഏഴ് വരെ മൂന്ന് മുന്നറിയിപ്പുകൾ നൽകിയിട്ടും ഹൈപ്പർമാർക്കറ്റ് മാനേജ്‌മെന്റ് മാറ്റങ്ങൾ നടപ്പാക്കിയിരുന്നില്ല. അതോടെ പോരായ്മകൾ പരിഹരിച്ച് ആരോഗ്യ, ഭക്ഷണ സുരക്ഷ ഉറപ്പാക്കുന്നതുവരെ അടച്ചിടാൻ അതോറിറ്റി നിർദേശിക്കുകയായിരുന്നു. ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 800555 എന്ന നമ്പറിൽ അറിയിക്കാൻ അധികൃതർ അഭ്യർഥിച്ചു.