മുംബൈ

: കോവിഡ് രണ്ടാംതരംഗം ഗ്രാമീണമേഖലയിലെ സാമ്പത്തിക ക്രമത്തെ ഗുരുതരമായി ബാധിച്ചതായി സൂചന. ഇതിന്റെ പശ്ചാത്തലത്തിൽ തുടർച്ചയായ രണ്ടാം മാസവും ഗ്രാമങ്ങളിൽനിന്നുള്ള വായ്പാ തിരിച്ചടവ് കുറയുകയാണ്. മാർച്ചിലെ 16 ശതമാനത്തിൽനിന്ന് ഏപ്രിലിൽ 27 ശതമാനമായാണ് വർധന. മേയിലും സമാനമായ സ്ഥിതിയായിരിക്കുമെന്ന് ഇന്ത്യ റേറ്റിങ് റിസർച്ചിന്റെ വിലയിരുത്തൽ.

മാർച്ചിൽ ഗ്രാമീണ മേഖലയിൽ 84 ശതമാനം വായ്പകൾ തിരിച്ചടച്ചിട്ടുണ്ട്. ഏപ്രിലിൽ ഇത് 73 ശതമാനമായി കുറഞ്ഞു. 2020 - ൽ കോവിഡ് വ്യാപനം നഗര കേന്ദ്രീകൃതമായിരുന്നെങ്കിൽ ഇത്തവണ ഗ്രാമങ്ങളിലേക്കും പടർന്നു കയറി. ഇത് ഇവിടങ്ങളിലെ ചെറിയ വരുമാനക്കാരെയും ചെറു വ്യാപാര സംരംഭങ്ങളെയും പ്രതിസന്ധിയിലാക്കി. തൊഴിലവസരങ്ങളും കുറച്ചു. ബാങ്കുകളും വായ്പാ സ്ഥാപനങ്ങളും വീടുകളിൽ നേരിട്ടെത്തി പണം പിരിച്ചിരുന്നതും സുരക്ഷ മുൻനിർത്തി പലയിടത്തും തടസ്സപ്പെട്ടു. ഇതെല്ലാം വായ്പാ തിരിച്ചടവിനെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

അക്കൗണ്ടിൽ പണമില്ല, ഓട്ടോ ഡെബിറ്റ് ഇടപാടുകൾ മുടങ്ങുന്നു

ഭവനവായ്പകളുടെ ഉൾപ്പെടെ പ്രതിമാസ തിരിച്ചടവ്, യൂട്ടിലിറ്റി ബില്ലുകൾ, ഇൻഷുറൻസ് പ്രീമിയം, മ്യൂച്ചൽ ഫണ്ട് എസ്.ഐ.പി. എന്നിങ്ങനെ ഓട്ടോ ഡെബിറ്റ് വഴി മാസം തോറുമുള്ള ഇടപാടുകൾ അക്കൗണ്ടിൽ പണമില്ലാത്തതിനാൽ വൻതോതിൽ മുടങ്ങുന്നു. നാഷണൽ പേമെന്റ് കോർപ്പറേഷനു കീഴിലുള്ള നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസിന്റെ (എൻ.എ.സി.എച്ച്.) കണക്കനുസരിച്ച് തുടർച്ചയായ രണ്ടാം മാസമാണ് ഓട്ടോ ഡെബിറ്റ് പേമെന്റിൽ ഇടിവുണ്ടാകുന്നത്.

മേയിൽ 8.57 കോടി ഇടപാടുകളാണ് ഇത്തരത്തിൽ നടക്കേണ്ടിയിരുന്നത്. എന്നാൽ 3.08 കോടി ഇടപാടുകൾ (35.91 ശതമാനം) മുടങ്ങി.