ദുബായ് : കോവിഡ് പ്രതിസന്ധിയിൽ കേരളത്തിന് കൈത്താങ്ങായി കോഴിക്കോട് ഗവ. എൻജിനിയറിങ് കോളേജ് യു.എ.ഇ. അലംനി കൂട്ടായ്മ ജെക്ക് എമിറേറ്റ്‌സ്. കൂട്ടായ്മയുടെ നേതൃത്വത്തിൽ ശേഖരിച്ച ജീവൻ രക്ഷാ മെഡിക്കൽ ഉപകരണങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരുക്കുന്ന സൗകര്യങ്ങളിലേക്ക് കൈമാറി.

ജില്ലാ കളക്ടർ ശ്രീറാം സാംബശിവ റാവു സഹായം ഏറ്റുവാങ്ങി. അസിസ്റ്റന്റ് കളക്ടറും ജി.ഇ.സി.കെ. പൂർവ വിദ്യാർഥിയുമായ അജീഷ് കുന്നത്ത്, പ്രൊഫ. പ്രദീപ്, അലംനി അഡ്വൈസറി ബോർഡ് അംഗവും കോളേജ് മുൻ ചെയർമാനുമായ ജിസാർ ഇട്ടോളി എന്നിവർ സന്നിഹിതരായിരുന്നു.

നോർക്കയുടെ കെയർ ഫോർ കേരള പദ്ധതിയിലേക്ക് അക്കാഫ് വഴി അലംനി ശേഖരിച്ച ഓക്സിജൻ കോൺസെൻട്രേറ്റർ, പൾസ് ഓക്സീമീറ്ററുകൾ എന്നിവ കൈമാറിയിരുന്നു.

കൂടാതെ ആരോഗ്യ ഓൺലൈൻ സെമിനാറും സംഘടിപ്പിച്ചിരുന്നു. അലംനി പ്രസിഡന്റ് ഫസൽ റഹ്മാൻ, ജന. സെക്രട്ടറി കെ. ഹർഷിദ്, ലേഡീസ് വിങ് പ്രസിഡന്റ് ഫസീലത്ത്, ജിബി വിൽസൺ , മുഹമ്മദ് റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി.