ഉമ്മുൽഖുവൈൻ : മിന മേഖലയിലെ അതിവേഗം വളരുന്ന ഫ്രീ ട്രേഡ് സോണായ ഉമ്മുൽഖുവൈൻ ഫ്രീ ട്രേഡ്‌സോണിന് പുതിയ കാര്യാലയമൊരുങ്ങി. സ്റ്റാർട്ടപ്പുകൾക്കും ചെറുകിട, ഇടത്തരം, വലിയ ബിസിനസുകൾക്കുമുള്ള സേവനങ്ങൾ പുതിയ കേന്ദ്രത്തിൽ ലഭ്യമാക്കും. ഹൈവേ ഇ-311-ൽ ആണ് പുതിയ ഓഫീസ് സ്ഥിതിചെയ്യുന്നത്. ഏറ്റവും മികച്ച സേവനങ്ങൾ അതിവേഗം നിക്ഷേപകർക്ക് ലഭ്യമാക്കാൻ സഹായിക്കും വിധമാണ് പുതിയ കേന്ദ്രത്തിന്റെ പ്രവർത്തനം.

കൃത്യതയോടെ പ്രവർത്തിക്കുന്ന യു.എ.ഇയിലെ ചെറുകിട, ഇടത്തരം ബിസിനസ് സ്ഥാപനങ്ങളുടെ വളർച്ചയ്ക്കൊപ്പമാണ് ട്രേഡ്‌സോണിന്റെ വളർച്ച. രണ്ടുകോടി ചതുരശ്രയടി വലുപ്പത്തിൽ ഓഫീസുകൾക്കും ഗോഡൗണുകൾക്കുമായി കുറഞ്ഞ നിരക്കിൽ മികച്ച സൗകര്യങ്ങളോടെയുള്ള കെട്ടിട സംവിധാനങ്ങളുടെ നിർമാണം ഇവിടെ നടന്നുവരുകയാണെന്ന് ഉമ്മുൽഖുവൈൻ ഫ്രീ ട്രേഡ്‌സോൺ ജനറൽ മാനേജർ ജോൺസൺ ജോർജ് പറഞ്ഞു. നിലവിൽ 7000 നിക്ഷേപകർക്ക് സംരംഭങ്ങൾ നടത്താനുള്ള സൗകര്യം ട്രേഡ്‌സോൺ നൽകിവരുന്നു.