ദുബായ് : അനാവശ്യ ഒത്തുചേരലുകൾ ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിൽ കൂടിവരുന്നതായി റിപ്പോർട്ട്. ഇവിടങ്ങളിൽ ഒത്തുചേരലുകൾ പരമാവധി ഒഴിവാക്കാൻ പോലീസ് നിർദേശങ്ങൾ നൽകിയിട്ടും അവ ലംഘിക്കുന്നതായി ആരോഗ്യസുരക്ഷാ അധികൃതർ പറഞ്ഞു. സുരക്ഷാ നിർദേശങ്ങൾ തെറ്റിച്ചുകൊണ്ട് വേണ്ടത്ര ശാരീരികഅകലം പാലിക്കാതെയാണ് ഒത്തുചേരലുകളേറെയും.

യു.എ.ഇ.യിലുടനീളം കോവിഡ് സുരക്ഷാ നിയമങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. എങ്കിലും ഒത്തുചേരലുകൾക്കും പരിപാടികൾക്കും നിയന്ത്രണങ്ങളോടെയാണ് അനുമതിയുള്ളത്. പ്രതിരോധ കുത്തിവെപ്പ് രണ്ട് ഡോസും സ്വീകരിച്ചവർക്കാണ് പൊതുപരിപാടികളിൽ പങ്കെടുക്കാൻ അനുമതി. സുരക്ഷിതത്വം ഉറപ്പാക്കാൻ അധികൃതർ കർശന പരിശോധനകളും തുടരുന്നുണ്ട്. മുഖാവരണം നിർബന്ധമായും ഉപയോഗിക്കൽ, മതിയായ ശാരീരിക അകലം പാലിക്കൽ, വിവാഹ ഹാളുകൾ, ഹോട്ടലുകൾ, വീട്ടിലെ പാർട്ടികൾ എന്നിവയ്ക്ക് ശേഷിയിൽ കൂടുതൽ പേരെ അനുവദിക്കാതിരിക്കുക തുടങ്ങി നിയന്ത്രണങ്ങളുമുണ്ട്. കഴിഞ്ഞയാഴ്ച ഖോർഫക്കാനിൽ വീട്ടിൽ അനുമതിയില്ലാതെ വിവാഹപാർട്ടി നടത്തിയതിന് ഇമിറാത്തിയെ അറസ്റ്റ് ചെയ്തിരുന്നു. ബർ ദുബായ് പ്രദേശത്ത് കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ കോവിഡ് സുരക്ഷാവീഴ്ച വരുത്തിയതിന് 10,745 പിഴകൾ ചുമത്തി. ഒന്നിലേറെ വകുപ്പുകളാണ് മുഴുവൻ സമയവും രാജ്യത്ത് സുരക്ഷാ പരിശോധന നടത്തുന്നത്.

ഓരോ എമിറേറ്റിലെയും ദുരന്തനിവാരണ അതോറിറ്റി നിർദേശിക്കുന്ന പ്രകാരമാണ് നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്നത്. അനുവദനീയമായതിലും കൂടുതൽ ആളുകൾ ഒത്തുചേർന്നാൽ 10,000 ദിർഹമാണ് സംഘാടകർക്ക് ഷാർജയിൽ ചുമത്തുന്ന പിഴ. പങ്കെടുക്കുന്ന ഓരോരുത്തരും 5000 ദിർഹം വീതം പിഴ നൽകേണ്ടിവരും. പോലീസ് വിവിധ ഭാഷകളിൽ ബോധവത്‌കരണ പ്രവർത്തനങ്ങൾ നടത്തുന്നതായി ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സെരി അൽ ഷംസി പറഞ്ഞു.

ദുബായ്

വാക്‌സിൻ സ്വീകരിച്ചവർക്കുമാത്രം വിവാഹപാർട്ടികളിൽ പങ്കെടുക്കാം. ഹോട്ടലുകൾ, മറ്റ് വേദികൾ പരമാവധി ആളുകൾ 100.

വീട്ടിലെ വിവാഹ പാർട്ടികളിൽ 30 ൽ കൂടുതൽ പേർ പങ്കെടുക്കരുത്.

വിനോദ വേദികളിൽ 70 ശതമാനം ശേഷിയാവാം.

ഹോട്ടൽ ഒക്യുപൻസി 100 ശതമാനമാക്കി.

സംഗീത, കായിക പരിപാടികൾക്ക് അനുമതി വാങ്ങണം. പങ്കെടുക്കുന്നവർ വാക്‌സിൻ സ്വീകരിച്ചിരിക്കണം.

ഇൻഡോർ പരിപാടികളിൽ 1500, ഔട്ട്‌ഡോർ 2500

റെസ്റ്റോറന്റുകളിൽ ഒരു ടേബിളിന് ചുറ്റും 10 പേർക്ക് വരെ ഇരിക്കാം, ശീഷ കഫേകളിൽ ഒരു ടേബിളിൽ ആറ്.