ദുബായ് : ഈ വർഷം ആദ്യപാദത്തിൽ കമ്യൂണിറ്റി അധിഷ്ഠിത സംരംഭമായ 'പോസിറ്റീവ് സ്പിരിറ്റ്' പ്രവർത്തനങ്ങളിൽ പങ്കാളികളായവരെ ദുബായ് പോലീസ് അധികൃതർ ആദരിച്ചു. സമൂഹത്തിൽ സഹിഷ്ണുത, സഹവർത്തിത്വം എന്നിവയുടെ മൂല്യങ്ങൾ ഏകീകരിക്കുന്നതിനായി ആരംഭിച്ച സംരംഭം 19971 പേരിലേക്ക് എത്തിക്കാനായി. ഇതിന്റെ ഭാഗമായി 140 സെമിനാറുകൾ നടത്തിയതായും ജനറൽ കമ്യൂണിറ്റി ഹാപ്പിനെസ് ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ് അലി ഷുഹൈൽ പറഞ്ഞു. സമൂഹത്തിൽ സുരക്ഷ വളർത്തുകയെന്ന ഉദ്ദേശ്യത്തിൽ കമ്യൂണിറ്റി പോലീസ് എന്ന ആശയമുയർത്താനാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതിലൂടെ സന്തോഷവും സമാധാനവും വ്യാപിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദുബായ് സ്പോർട്‌സ് കൗൺസിൽ, മുനിസിപ്പാലിറ്റി, ഹെൽത്ത് അതോറിറ്റി, കമ്യൂണിറ്റി ഡെവലപ്പ്‌മെന്റ് അതോറിറ്റി, ദുബായ് കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസസ്, റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി എന്നിവയാണ് സംരംഭം വിജയിപ്പിക്കുന്നതിന് പിന്നിലെ പ്രധാന പങ്കാളികൾ.