ദുബായ്/ഹരിപ്പാട് : യെമെൻ തീരത്തുനിന്ന്‌ ഹൂതി വിമതർ തട്ടിയെടുത്ത കപ്പലിലുണ്ടായിരുന്ന മലയാളി ഉൾപ്പെടെയുള്ള 12 ജീവനക്കാരും സുരക്ഷിതരാണെന്ന്‌ നാട്ടിൽ വിവരം ലഭിച്ചു. ചേപ്പാട് ചിറയിൽ പടീറ്റതിൽ രഘുവിന്റെ മകൻ അഖിൽ രഘു(27)വും മറ്റൊരു മലയാളിയും ഉൾപ്പെടെയുള്ള ജീവനക്കാരാണ് ജനുവരി രണ്ടിന് രാത്രി ഹൂതി വിമതർ തട്ടിയെടുത്ത കപ്പലിലുണ്ടായിരുന്നത്. ഒരാഴ്ചയായി കപ്പലിനെപ്പറ്റിയുള്ള വിവരം ലഭിച്ചിരുന്നില്ല. ഇതിനിടെ ഞായറാഴ്ച വൈകുന്നേരം അഖിൽ വീട്ടിലേക്കു ഫോൺവിളിച്ചാണ് സുരക്ഷിതനാണെന്ന വിവരം അറിയിച്ചത്. താൻ ഉൾപ്പെടെയുള്ള ജീവനക്കാർ ഇപ്പോൾ ഹോട്ടലിലാണുള്ളതെന്നും തങ്ങൾ സുരക്ഷിതരാണെന്നും അഖിൽ പറഞ്ഞു. മൂന്നുമിനിറ്റോളം അഖിൽ വീട്ടുകാരുമായി സംസാരിച്ചു.

യു.എ.ഇ.യിലെ ലിവ മറൈന്റെ ഉടമസ്ഥതയിലെ റവാബി എന്ന കപ്പൽ യെമെൻ തീരത്തുനിന്ന് 50 കിലോമീറ്റർ അകലെയുള്ള തുറമുഖനഗരമായ ഹൊദൈദയ്ക്ക് സമീപം വെച്ചാണ് റാഞ്ചിയത്. യെമെനിലെ സൊകോത്ര ദ്വീപിൽനിന്ന് സൗദിയുടെ തെക്കുഭാഗത്തുള്ള ജസാനിലേക്ക് ആശുപത്രി ഉപകരണങ്ങളുമായി പോവുകയായിരുന്നു കപ്പൽ. സൊകോത്രയിലെ സൗദി ഫീൽഡ് ആശുപത്രിയിൽ ഉപയോഗിച്ച ആംബുലൻസ്, വാർത്താവിനിമയ ഉപകരണങ്ങൾ, സാങ്കേതിക, സുരക്ഷാ ഉപകരണങ്ങൾ തുടങ്ങിയവ കപ്പലിലുണ്ടായിരുന്നു.