ദുബായ് : ആഗോളപ്രതിഭകളെയും പ്രൊഫഷണലുകളെയും സംരംഭകരെയും ആകർഷിക്കുക ലക്ഷ്യമിട്ട് ദുബായ് എയർപോർട്ട് ഫ്രീസോൺ ഫ്രീലാൻസ് ജോലിക്ക് ‘ടാലന്റ് പാസ്’ ലൈസൻസ് പുറത്തിറക്കി. ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണിത്.

ഇതുസംബന്ധിച്ച് ദുബായ് ഇന്റഗ്രേറ്റഡ് ഇക്കണോമിക് സോൺസ് അതോറിറ്റിയുടെ ഭാഗമായ ദുബായ് എയർപോർട്ട് ഫ്രീസോൺ, ദുബായ് കൾച്ചറുമായും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സുമായും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ചടങ്ങിൽ ഫ്രീസോൺ എക്സിക്യുട്ടീവ് ചെയർമാൻ ഡോ. മുഹമ്മദ് അൽ സറൂണി, ജി.ഡി.ആർ.എഫ്.എ. ജനറൽഡയറക്ടർ മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി, ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി ഡയറക്ടർ ജനറൽ ഹലാ ബദ്രി എന്നിവർ പങ്കെടുത്തു.