ജിദ്ദ : സൗദിയിൽ യാത്രാവിലക്ക് നടപ്പാക്കേണ്ടിവരില്ലെന്ന് ആരോഗ്യ മന്ത്രാലയവക്താവ് ഡോ. മുഹമ്മദ് അബ്ദുൽ ആലി വ്യക്തമാക്കി. കോവിഡ് വ്യാപനത്തെ നേരിടുന്നതിൽ സമൂഹം സുപ്രധാനനേട്ടങ്ങൾ കൈവരിച്ചു. തൊഴിലാളികൾ തൊഴിലിടങ്ങളിലേക്ക് മടങ്ങിയതും നേരിട്ടുള്ള വിദ്യാഭ്യാസം പുനരാരംഭിച്ചതും നേട്ടങ്ങളുടെ ഭാഗമാണ്. തവക്കൽനാ ഉപയോഗിച്ച് സുരക്ഷാനിർദേശങ്ങൾ പാലിച്ചുകൊണ്ട് എല്ലാപ്രവർത്തനങ്ങളും ഇനിയും തുടരാനാവുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സൗദിയിൽ പുതുതായി 3460 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗബാധിതരിൽ 843 പേർ സുഖം പ്രാപിച്ചു. ഇതോടെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കേസുകളുടെ എണ്ണം 5,78,753 ആയി. ഇവരിൽ 5,46,614 പേർ രോഗമുക്തി നേടി. ഒരു മരണംകൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 8893 ആയി. നിലവിൽ 23,246 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇവരിൽ 141 പേരുടെ നില ഗുരുതരമാണ്.

റിയാദിൽ പുതിയ രോഗികളുടെ എണ്ണം 1000 കവിഞ്ഞു. റിയാദിൽ 1003 പുതിയ രോഗികളെയാണ് കണ്ടെത്തിയത്. ജിദ്ദയിൽ 769-ഉം മക്കയിൽ 383-ഉം മദീനയിൽ 149-ഉം ദമാമിൽ 110-ഉം ഹുഫൂഫിൽ 96-ഉം പേർക്ക് പുതുതായി രോഗം ബാധിച്ചു. സൗദി അറേബ്യയിൽ ഇതുവരെ 5,25,03,569 ഡോസ് കോവിഡ് വാക്‌സിൻ വിതരണം ചെയ്തു.