കോവിഡിന്റെ പുതിയസാഹചര്യത്തിൽ വിദേശത്തുനിന്ന് ഇന്ത്യയിലെത്തുന്നവർക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ഏഴുദിവസത്തെ ക്വാറന്റീൻ ഏർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ, അതത് സംസ്ഥാനങ്ങൾക്ക് വിവേചനാധികാരം ഉപയോഗിച്ച് ക്വാറന്റീൻ നിയമത്തിൽ വിട്ടുവീഴ്ച ചെയ്യാവുന്നതാണ്. നാട്ടിലുള്ളവർ കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നില്ലെന്നതും വസ്തുതയാണ്. കോവിഡ് പരിശോധന പൂർത്തിയാക്കി നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്ക് എന്തിനാണീ നിർബന്ധിത ക്വാറന്റീൻ എന്നതും സർക്കാർ പരിശോധിക്കേണ്ടതാണെന്നാണ് പ്രവാസികൾ പറയുന്നത്‌. ഇതുസംബന്ധിച്ച് പ്രവാസി സംഘടനകളുടെ അഭിപ്രായങ്ങൾ തുടരുന്നു

 

പ്രവാസികൾക്ക് ഇരുട്ടടി -തലശ്ശേരി നാട്ടുകൂട്ടം

രണ്ടുവർഷത്തിനുശേഷം നാട്ടിലെത്തുന്ന പ്രവാസികൾക്ക് വീണ്ടും ഇരുട്ടടിയായാണ് കേന്ദ്രവും കേരളവും ചേർന്ന് ഏഴുദിവസത്തെ ക്വാറന്റീൻ ഏർപ്പെടുത്തിയിരിക്കുന്നത്. പി.സി.ആർ. പരിശോധന കൃത്യമായ ഇടവേളകളിൽ പൂർത്തിയാക്കി നെഗറ്റീവ് ഫലവുമായി സ്വന്തം കുടുംബത്തെ കാണാനെത്തിയവർക്കാണ് ഏകാന്തവാസം വിധിച്ചിരിക്കുന്നത്. തീർത്തും തെറ്റായ സമീപനമാണിതെന്ന് തലശ്ശേരി നാട്ടുകൂട്ടം പ്രതിനിധി ശുഭ വേണു പറഞ്ഞു. പ്രവാസികൾ കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നവരാണ്, എന്നാൽ ഇത്തരം കാര്യങ്ങളിൽ അച്ചടക്കലംഘനം നടത്തുന്ന നാട്ടിലുള്ളവർക്ക് നിർബാധം സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം സർക്കാരും നൽകുന്നു. ഈ പിന്തിരിപ്പൻ സമീപനത്തെ ശക്തമായി എതിർക്കുന്നു.

പ്രവാസികളെ അകറ്റിനിർത്തുന്നു -രാജീവ്ഗാന്ധി കൾച്ചറൽഫോറം

വിദേശത്തുനിന്നുള്ള പ്രവാസി മലയാളികളോട് ചിറ്റമ്മനയമാണ് കാലങ്ങളായി പിണറായി സർക്കാർ പുലർത്തുന്നതെന്ന് ഷാർജ രാജീവ്ഗാന്ധി കൾച്ചറൽഫോറം പ്രസിഡന്റ് അഡ്വ. അജി കുര്യാക്കോസ് ആരോപിച്ചു. ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലെത്തുന്നവർക്കില്ലാത്ത വിലക്കെന്തിനാണ് വിദേശത്തുനിന്ന് വരുന്നവർക്കുനേരെ പ്രയോഗിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. കേരളത്തിന് കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം നേടിത്തരുന്ന പ്രവാസികൾക്കുള്ള സർക്കാരിന്റെ ശിക്ഷയാണിതെന്ന് പറയാൻ മടിയില്ല. ഈ നിലപാട് സ്വന്തം കുഴി തോണ്ടുന്നതിന് തുല്യമായിരിക്കും.

ക്വാറന്റീൻ നിയമത്തിൽ അപാകമുണ്ട് -യു.എ.ഇ. വനിതാ വാട്‌സാപ്പ് കൂട്ടായ്മ

ക്വാറന്റീൻ നടപടിയിൽ അപാകതയുണ്ട്. ആദ്യത്തെ ഏഴുദിവസത്തിനുപുറമെ പി.സി.ആർ. പരിശോധന പൂർത്തിയാക്കി വീണ്ടും സ്വയംനിരീക്ഷണത്തിൽ പോകണമെന്നത് വികലമായ നടപടിക്രമങ്ങളായിപ്പോയെന്ന് യു.എ.ഇ. വനിതാ വാട്‌സാപ്പ് കൂട്ടായ്മ പ്രതിനിധി ഷീലാ തോമസ് പറഞ്ഞു.

അശാസ്ത്രീയമായ ഇത്തരം നിയമങ്ങൾ പുറപ്പെടുവിക്കുന്നതിനുമുമ്പ് രണ്ടുവട്ടം ആലോചിക്കാനെങ്കിലും സർക്കാർ ശ്രമിക്കണമെന്നാണ് അഭ്യർഥന. അടിയന്തരാവശ്യങ്ങൾക്ക് നാട്ടിലെത്തേണ്ടവർ കോവിഡിന്റെ പേരിൽ തുടർച്ചയായി നടപ്പാക്കുന്ന ഈ നിയമംമൂലം നട്ടംതിരിയുകയാണ്.

ഉത്തരവ് പിൻവലിക്കണം -ഐ.എം.സി.സി.

കോവിഡില്ലാ സർട്ടിഫിക്കറ്റുമായി നാട്ടിലെത്തുന്ന പ്രവാസികൾക്ക് ക്വാറന്റീൻ ഏർപ്പെടുത്തിയ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ തീരുമാനം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് ഐ.എം.സി.സി. ഷാർജ കമ്മിറ്റി ജനറൽസെക്രട്ടറി മനാഫ് കുന്നിൽ അഭിപ്രായപ്പെട്ടു. അടിയന്തര ആവശ്യങ്ങൾക്കായി എത്തുന്നവരെയാണ് ഈ നിയമം കൂടുതൽ ബുദ്ധിമുട്ടിക്കുന്നത്. ഇത് മനുഷ്യത്വ രഹിതമായ നടപടിയാണ്, സർക്കാർ പ്രവാസികളോട് കാണിക്കുന്ന ധിക്കാരമാണിത്.

വകുപ്പിന്റെ പരാജയം പ്രവാസികളിൽ കെട്ടിവെക്കുന്നു -രാജീവ്ഗാന്ധി കൾച്ചറൽ സെന്റർ

കേരളത്തിലെ ആരോഗ്യവകുപ്പിന്റെ പരാജയം സാധാരണക്കാരായ പ്രവാസികൾക്കുമേലെ കെട്ടിവെക്കുകയാണെന്ന് ഷാർജ രാജീവ്ഗാന്ധി കൾച്ചറൽ സെന്റർ പ്രസിഡന്റ് റോയ് മാത്യു പറഞ്ഞു. കേന്ദ്രവും കേരളവും കോവിഡിന്റെ പേരിൽ പകവീട്ടൽനടപടിയാണ് ക്വാറന്റീനിലൂടെ സ്വീകരിക്കുന്നത്. പൗരാവകാശമാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്. ക്വാറന്റീൻ നടപടി പിൻവലിക്കുമെന്നാണ് പ്രതീക്ഷ.

ക്വാറന്റീൻ ഒഴിവാക്കിയില്ലെങ്കിൽ നിയമസഹായം തേടും -പ്രവാസി ലീഗൽസെൽ

ക്വാറന്റീൻനടപടികൾ സർക്കാർ പിൻവലിച്ചില്ലെങ്കിൽ നിയമസഹായം തേടുമെന്ന് പ്രവാസി ലീഗൽസെൽ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം, ഗ്ലോബൽ വക്താവ് ബാബു ഫ്രാൻസിസ് എന്നിവർ അറിയിച്ചു.

ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയുടെയും ജീവിക്കാനുള്ള അവകാശത്തിന്റെയും ലംഘനമാണിത്. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ പ്രവാസികളുടെ അടിയന്തരയാത്രപോലും നിഷേധിക്കപ്പെടും.

തീരുമാനം പിൻവലിക്കണം -ഇൻകാസ് വനിതാവിഭാഗം

ക്വാറന്റീൻനടപടി കേന്ദ്രവും കേരളവും പിൻവലിക്കണമെന്ന് ഇൻകാസ് വനിതാവിഭാഗം പ്രതിനിധി രാജി എസ്. നായർ ആവശ്യപ്പെട്ടു. അബദ്ധമായ തീരുമാനമായിപ്പോയി, രാഷ്ട്രീയപ്പാർട്ടികളുടെ സമ്മേളനങ്ങൾക്കോ മറ്റു പൊതുപരിപാടികൾക്കോ നിയന്ത്രണമില്ലാതെ പാവപ്പെട്ട പ്രവാസികൾക്കായി ‘വീട്ടുതടങ്കൽ’ നടപ്പാക്കുന്നത് തെറ്റാണ്. ഇത് ‘തുഗ്ളക്ക് പരിഷ്കാര’ ത്തിന്റെ മറ്റൊരു രൂപമാണ്.

ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ പ്രവാസികളെ ബുദ്ധിമുട്ടിക്കുന്നു -ഇൻകാസ് യൂത്ത് വിങ്

കോവിഡ് വ്യാപനത്തിനെതിരേ എന്തെങ്കിലും നടപടി സ്വീകരിക്കുന്നുവെന്ന് വരുത്താനായി വിദേശത്തുനിന്ന് തിരിച്ചെത്തുന്ന സാധാരണ പ്രവാസികളെ ബുദ്ധിമുട്ടിക്കുകയാണ് കേന്ദ്രവും കേരളവും ചെയ്യുന്നതെന്ന് ഇൻകാസ് യൂത്ത് വിങ് യു.എ.ഇ. സെൻട്രൽ കമ്മിറ്റി കുറ്റപ്പെടുത്തി. സർക്കാരിന്റെ പിടിപ്പുകേടിൽ കോവിഡ് പരക്കുമ്പോൾ ശിക്ഷ സാധാരണക്കാരായ പ്രവാസികൾക്കാണ്. കേരളത്തിൽ കോവിഡ് മാനദണ്ഡങ്ങൾ തെറ്റിച്ചുകൊണ്ട് ഉദ്ഘാടനങ്ങളും രാഷ്ട്രീയ പരിപാടികളും സംഘടിപ്പിക്കാം, പാവപ്പെട്ടവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി സ്വന്തം നാട്ടിലെത്തിക്കൂട... ഈ നിലപാട് തിരുത്തണം.

യുക്തിഭദ്രമല്ലാത്ത തീരുമാനം -മഹാത്മാഗാന്ധി കൾച്ചറൽഫോറം

അത്യാവശ്യകാര്യങ്ങൾക്കുപോലും നാട്ടിലെത്താൻ തടസ്സമുണ്ടാക്കുന്ന നടപടികളാണ് കേന്ദ്രവും കേരളവും മത്സരിച്ച് പ്രവാസികൾക്കുനേരെ നടപ്പാക്കുന്നതെന്ന് ഷാർജ മഹാത്മാഗാന്ധി കൾച്ചറൽഫോറം ഭാരവാഹി പ്രഭാകരൻ പന്ത്രോളി പറഞ്ഞു. നിർബന്ധിത ക്വാറന്റീനിലൂടെയുള്ള ബുദ്ധിമുട്ട് ഒഴിവാക്കിത്തരണം.