ദുബായ് : എമിറേറ്റിലെ മതിലുകളും തെരുവുകളും ഓപ്പൺ ആർട്ട് ഗാലറി ആക്കാനുള്ള പദ്ധതിക്ക് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. ദുബായിലെ പഴയ തെരുവുവീഥികളുടെ ചുമരുകളാണ് ചിത്രങ്ങൾകൊണ്ട് മനോഹരമാകുക.

രാജ്യത്തിന്റെ വാസ്തുവിദ്യകളും പൈതൃകവും ഉയർത്തിക്കാട്ടുന്ന പ്രമുഖ സാംസ്കാരിക കേന്ദ്രമാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. യുവാക്കൾക്ക് സർഗാത്മക കഴിവുകൾ വളർത്താനും സാംസ്കാരികമേഖലയിലെ സ്റ്റാർട്ട് അപ്പ് കമ്പനികൾക്ക് അവരുടെ മികവ് പ്രദർശിപ്പിക്കുന്നതിനുള്ള അവസരവും കൂടിയാണിത്.

നിലവിൽ ദുബായ് ക്രീക്കിന്റെ ഭാഗങ്ങളിലും ബർ ദുബായ്, അൽ ഫാഹിദി എന്നിവിടങ്ങളിലും മ്യൂസിയങ്ങളും കോഫി ഷോപ്പുകളും ടെക്‌സ്റ്റൈൽ സൂക്കുകളും ഉണ്ട്. പഴയ കെട്ടിടങ്ങളുടെ ചുവരുകളും തെരുവുകളുമെല്ലാം കലാകാരന്മാരുടെ ക്യാൻവാസുകളാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്.

അൽ സീഫ് മേഖലയിൽ അടുത്തിടെ വിപുലമായ നവീകരണം നടന്നിരുന്നു.