ദുബായ് : ദുബായ് ടാക്സി കോർപ്പറേഷന്റെ (ഡി.ടി.സി.) നിരയിലേക്ക് 1775 ഹൈബ്രിഡ് വാഹനങ്ങളുൾപ്പെടെ 2219 പുതിയ വാഹനങ്ങൾകൂടി ചേർക്കുന്നു. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി(ആർ.ടി.എ.)യാണ് ഇക്കാര്യമറിയിച്ചത്. ഇന്ധനത്തിലും വൈദ്യുതിയിലും പ്രവർത്തിക്കുന്നവയാണ് ഹൈബ്രിഡ് വാഹനങ്ങൾ.

ദുബായ് ടാക്സി നിരയിലെ മൊത്തം ഹൈബ്രിഡ് വാഹനങ്ങളുടെ എണ്ണം ഇപ്പോൾ 4105 ആണ്. ഇത് ഡി.ടി.സി. നടത്തുന്ന മൊത്തം വാഹനങ്ങളുടെ 71 ശതമാനമാണ്. ദുബായ് ടാക്സി സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനും താമസക്കാരുടെയും വിനോദസഞ്ചാരികളുടെയും സഞ്ചാരം സുഗമമാക്കുന്നതിനുമായാണ് മികച്ച യാത്രാനുഭവം നൽകാനുള്ള ഈ ശ്രമങ്ങൾ.

ലിമോസിൻ, എയർപോർട്ട് ടാക്സികൾ, സ്ത്രീകൾക്കും കുടുംബങ്ങൾക്കുംവേണ്ടിയുള്ള പ്രത്യേക വാഹനങ്ങൾ എന്നിവയുൾപ്പെടെ ടാക്സി സേവനങ്ങളുടെ മികച്ച നിര ദുബായിലുണ്ട്. 2021-23 വർഷത്തിൽ 51 സംരംഭങ്ങളാണ് ഡി.ടി.സി. നടപ്പാക്കാനുദ്ദേശിക്കുന്നത്.

2023-ഓടെ ടാക്സികളുടെ അഞ്ചുശതമാനം സ്വയംഭരണ വാഹനങ്ങളാക്കി മാറ്റും. കൂടാതെ പരിസ്ഥിതിസൗഹൃദ വാഹനങ്ങളുടെ അനുപാതം 56 ശതമാനമാക്കി ഉയർത്താനും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്.