ദുബായ് : എമിറേറ്റിൽ കുറ്റകൃത്യങ്ങളുടെ എണ്ണം മുൻവർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞതായി ദുബായ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ (സി.ഐ.ഡി.) അധികൃതർ വ്യക്തമാക്കി. 31.2 ശതമാനം കുറവാണ് 2021-ൽ രേഖപ്പെടുത്തിയത്. കൂടാതെ ദുബായിലെ സുരക്ഷ നിലനിർത്തുന്നതായി 14 നൂതന പദ്ധതികളും വകുപ്പ് അവതരിപ്പിച്ചു. ദുബായ് പോലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി എക്സ്പോ 2020-യിലെ പാർട്ണേഴ്സ് ഹബ്ബിൽ അടുത്തിടെ നടത്തിയ ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ വാർഷിക പരിശോധനയിലാണ് സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തിയത്. സി.ഐ.ഡി. ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പ്രയത്നങ്ങളെ ലെഫ്. ജനറൽ അൽ മർറി അഭിനന്ദിച്ചു.

സാമ്പത്തിക കുറ്റകൃത്യ വിരുദ്ധ വകുപ്പിൽ 2235 കേസുകളാണ് 2021-ൽ രേഖപ്പെടുത്തിയത്. ഇതിൽ 2536 പ്രതികളെ അറസ്റ്റ് ചെയ്യാനായി. 930 കോടി ദിർഹം വിലമതിക്കുന്ന വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ച് വർഷമായുള്ള വകുപ്പിന്റെ നേട്ടങ്ങൾ ലെഫ്റ്റനന്റ് ജനറൽ അൽ മർറിക്ക്‌ ഉദ്യോഗസ്ഥർ വിവരിച്ചുനൽകി. ക്രിമിനൽ സ്റ്റാറ്റസ് ഓഫ് ഫിനാൻഷ്യൽ കേസുകളിൽ ഉൾപ്പെടെ 53.1 ശതമാനം വ്യക്തികൾക്ക് വകുപ്പിന്റെ സേവനം പ്രയോജനപ്പെട്ടു.

സാമ്പത്തിക കേസുകൾ കാരണം യാത്രാ നിരോധനം ഉള്ളവരെ മെസേജ് വഴി വിവരമറിയിക്കുന്ന സ്മാർട്ട് നോട്ടിഫിക്കേഷൻ സർവീസ് സംരംഭത്തിന്റെ ഫലങ്ങളും അൽ മർറി അവലോകനംചെയ്തു. 1538 പേർക്ക് പ്രയോജനം ചെയ്ത റിമോട്ട് ട്രയൽ സംരംഭത്തിന്റെ വിവരങ്ങളും അൽ മർറി ചോദിച്ചറിഞ്ഞു. അതേസമയം, 2021 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ വിവിധ കുറ്റങ്ങൾ ചുമത്തി 145 അന്താരാഷ്ട്ര കുറ്റവാളികളെ വകുപ്പ് അറസ്റ്റ് ചെയ്തു.

2021-ൽ ദുബായ് ടൂറിസ്റ്റ് പോലീസ് വകുപ്പ് 2825 തൊഴിലാളികൾക്കായി 33 ബോധവത്കരണ ക്ലാസുകൾ നടത്തി. പോലീസിന്റെ ലോസ്റ്റ് ആൻഡ് ഫൗണ്ട് വകുപ്പ് 3,73,300 ദിർഹം മൂല്യമുള്ള 305 വസ്തുക്കൾ ഉടമകൾക്ക് കണ്ടെത്തിനൽകി. ഇതുമായി ബന്ധപ്പെട്ട് 13,324 പേർക്ക് 401 ബോധവത്കരണ ക്ലാസുകളും നൽകി.

ക്രൈം പ്രിവൻഷൻ ഡിപ്പാർട്ട്മെന്റിന്റെ നേട്ടങ്ങൾ, സംരംഭങ്ങൾ, നൂതന പദ്ധതികൾ എന്നിവയും ലെഫ്റ്റനന്റ് ജനറൽ അൽ മർറി പരിശോധിച്ചു. 6840 സുരക്ഷാ പട്രോളിങ്ങാണ് കഴിഞ്ഞ നാളുകളിൽ നടത്തിയത്. ഇതിലൂടെ 308 പേരെ അറസ്റ്റ് ചെയ്യുകയും 315 സുരക്ഷാ തകരാറുകൾ കൈകാര്യം ചെയ്യുകയും ചെയ്തു. ക്രിമിനൽ ട്രെയിനിങ് ആൻഡ് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് 2021-ൽ 95 കോഴ്സുകളും ശിൽപ്പശാലകളും പ്രഭാഷണങ്ങളും സംഘടിപ്പിച്ചു. മുൻവർഷങ്ങളിൽ 73 കോഴ്‌സുകൾ നടത്തിയിരുന്നിടത്താണ് ഈ നേട്ടം.