ദുബായ് : നിശ്ചയദാർഢ്യമുള്ള കുട്ടികൾക്കായി പ്രത്യേക പരിചരണം തേടുന്ന കുടുംബങ്ങളുടെ എണ്ണം കുറഞ്ഞെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് കെയർ ആൻഡ് റീഹാബിലിറ്റേഷൻ ഓഫ് പീപ്പിൾ ഓഫ് ഡിറ്റർമിനേഷനെ പ്രതിനിധീകരിക്കുന്ന കമ്യൂണിറ്റി ഡെവലപ്മെന്റ് മന്ത്രാലയം. കോവിഡ് പ്രത്യേക സാഹചര്യത്തിൽ ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്നതും മന്ത്രാലയം താത്കാലികമായി നിർത്തിവെച്ചിരുന്നു. എങ്കിലും നിശ്ചയദാർഢ്യമുള്ളവർക്കായി നേരിട്ട് സേവനം ആവശ്യപ്പെട്ടവർ കുറവായിരുന്നു.

2020-ൽ 84 അപേക്ഷകളാണ് ലഭിച്ചതെങ്കിൽ 2021-ൽ അത് 58 ആയി കുറഞ്ഞു. മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2020 ഡിസംബർ അവസാനംവരെ 14,262 പുരുഷൻമാരും 11,328 സ്ത്രീകളും ഉൾപ്പെടെ 25,590 പേർക്ക് കേന്ദ്രങ്ങൾ സേവനം നൽകി.

നിശ്ചയദാർഢ്യമുള്ളവർക്കായി 95 സർക്കാർ, സ്വകാര്യ കേന്ദ്രങ്ങളാണ് ദുബായിൽ പ്രവർത്തിക്കുന്നത്. ഓരോകേന്ദ്രവും പ്രത്യേക സേവനങ്ങളാണ് നൽകിവരുന്നത്. മന്ത്രാലയം പുറത്തിറക്കിയ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ കാർഡിന്റെ ഡേറ്റാബേസിൽ വിഷ്വൽ, കമ്യൂണിക്കേഷൻ, ഓട്ടിസം, ഫിസിക്കൽ, മെന്റൽ, മൾട്ടിപ്പിൾ, സൈക്കോളജിക്കൽ, ഓഡിയോവിഷ്വൽ, അറ്റൻഷൻ ഡെഫിസിറ്റ്, ഹൈപ്പർ ആക്ടിവിറ്റി എന്നിങ്ങനെ 10 പുതിയവിഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. നിശ്ചയദാർഢ്യമുള്ള ആളുകൾക്ക് ആവശ്യമായ പരിശീലനവും പുനരധിവാസവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.