ദുബായ് : വിറയൽ, 39 ഡിഗ്രിക്കു മുകളിൽ പനി, തൊണ്ടവേദന, മൂക്കൊലിപ്പ് എന്നിവയുള്ളവർ ഫ്ളൂറോണ പരിശോധന നടത്തണമെന്ന് യു.എ.ഇ.യിലെ ആരോഗ്യവിദഗ്ധർ നിർദേശിച്ചു.

കോവിഡും ഇൻഫ്‌ളുവൻസയും ഒരുമിച്ച് പിടിപെടുന്നതാണ് ഫ്ളൂറോണ. ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുകയും ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുകയും ചെയ്തേക്കാം.

ഫ്ളൂറോണ ബാധിച്ചാൽ രോഗശമനത്തിന് കൂടുതൽ സമയമെടുക്കും. ദീർഘകാലത്തേക്ക് പ്രതിരോധശേഷി നഷ്ടപ്പെടാനും സാധ്യതയുണ്ട്.

അതേസമയം യു.എ.ഇ.യിൽ പുതുതായി റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 2700 കടന്നു. പുതുതായി 2,759 പേർക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 913 പേരാണ് രോഗമുക്തരായത്. ഒരു പുതിയ മരണംകൂടി റിപ്പോർട്ട് ചെയ്തു. പുതുതായി നടത്തിയ 4,69,401 പരിശോധനകളിൽനിന്നാണ് പുതിയരോഗികളെ കണ്ടെത്തിയത്.

ഇതുവരെയുള്ള കണക്കുകൾപ്രകാരം ആകെ 7,85,625 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 7,53,033 പേർ ഇതിനോടകംതന്നെ രോഗമുക്തരായി. 2,174 പേരാണ് രാജ്യത്ത് ആകെ രോഗംബാധിച്ച് മരണപ്പെട്ടത്. നിലവിൽ 30,418 രോഗികളാണ് ചികിത്സയിലുള്ളത്.