ദുബായ് : എക്സ്‌പോ 2020 ദുബായിലെ ഇന്ത്യാ പവിലിയനിൽ ഇതുവരെ എത്തിയത് അഞ്ച് ലക്ഷത്തിലേറെ സന്ദർശകർ. ലോകമേളയിലെ മുഖ്യ ആകർഷണങ്ങളിലൊന്നാണ് അഞ്ച് നിലകളിലായുള്ള ഇന്ത്യാ പവിലിയൻ. ഇന്ത്യയുടെ ഓരോ സവിശേഷതകളും ഉയർത്തിക്കാണിച്ചാണ് പവിലിയൻ സന്ദർശകരെ സ്വാഗതം ചെയ്തുകൊണ്ടിരിക്കുന്നത്.

ഇന്ത്യയുടെ 150 കോടി വാക്സിൻ വിതരണം അടയാളപ്പെടുത്തുന്നതിനായി പവിലിയൻ പ്രത്യേക പരിപാടികൾ നടത്തിയിരുന്നു.

എൽ.ഇ.ഡി. ലൈറ്റുകൾകൊണ്ട് പ്രകാശിപ്പിച്ചായിരുന്നു ഇന്ത്യയുടെ നേട്ടത്തെ ഉയർത്തിക്കാണിച്ചത്. കഴിഞ്ഞ നവംബറിലാണ് ഇന്ത്യാ പവിലിയന് മോസ്റ്റ് ഐക്കണിക് അംഗീകാരം ലഭിച്ചത്. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകവും പ്രത്യേകതകളും പവിലിയനിലൂടെ പ്രദർശിപ്പിക്കുക മാത്രമല്ല വലിയ സാധ്യതകളാണ് പവിലിയൻ ലോകത്തിന് മുന്നിൽ തുറന്നിടുന്നത്.

എക്സ്‌പോയിലേക്ക് സ്വാഗതമേകി ബച്ചൻ

ദുബായ് : എക്‌സ്‌പോയിലേക്ക് കൂടുതൽ പേരെ സ്വാഗതം ചെയ്തുള്ള അമിതാഭ് ബച്ചന്റെ വീഡിയോ വൈറലാകുന്നു. കവിയും ഗാനരചയിതാവുമായ പ്രസൂൻ ജോഷി ആശയമൊരുക്കി സംവിധാനം നിർവഹിച്ച വീഡിയോയ്ക്ക് ശങ്കർ മഹാദേവനാണ് സംഗീതം. മൂന്ന് പേരും ആദ്യമായി ഒരുമിക്കുന്ന സംരംഭമാണിത്.

എക്സ്‌പോയുടെ പ്രധാന ഗേറ്റിന് മുന്നിൽനിന്ന് അമിതാഭ് ബച്ചൻ ക്ഷണിക്കുന്ന വീഡിയോ ഇന്ത്യയിലും യു.എ.ഇ.യിലും പുറത്തിറക്കി. എക്സ്‌പോയിലെ അൽ വാസൽ പ്ലാസയും മറ്റ് പ്രധാന വിസ്മയങ്ങളും വീഡിയോയിലുണ്ട്. ലോകവിസ്മയ കാഴ്ചകൾ അതുപോലെ പകർത്താനാവുമോ എന്നതായിരുന്നു വലിയ വെല്ലുവിളിയെന്ന് ശങ്കർ മഹാദേവൻ പറഞ്ഞു. എക്‌സ്‌പോ ആരംഭിച്ച് മൂന്ന് മാസത്തിനകം 90 ലക്ഷം പേരാണ് സന്ദർശിച്ചത്. ഇന്ത്യയിൽ നിന്നുള്ള സന്ദർശകരായിരുന്നു അധികവും. മാർച്ച് 31-ന് എക്സ്‌പോ 2020 അവസാനിക്കും.