ദുബായ് : ബാല്യകാല ഓർമകൾ വിവരിക്കുന്ന പുതിയ പുസ്തകം പുറത്തിറക്കി യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. മൈ ലിറ്റിൽ വേൾഡ് എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിൽ ശൈഖ് മുഹമ്മദിന്റെ കുട്ടിക്കാലത്തെ വ്യത്യസ്ത അനുഭവങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തന്റെ കാഴ്ചപ്പാടുകളും മൂല്യങ്ങളും രൂപപ്പെടുത്തിയതിൽ പ്രധാന പങ്കുവഹിച്ച ആദ്യകാല ജീവിതാനുഭവങ്ങളും ഇടപെടലുകളും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ദുബായ് സർക്കാർ മീഡിയാ ഓഫീസ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിലെ കഥകളെല്ലാം ലക്ഷക്കണക്കിന് കുട്ടികൾക്ക് പ്രയോജനപ്പെടും. ക്യാമ്പിങ് വിത്ത് സ്കോർപ്പിയോൺസ്, മൈ കേവ് ഓഫ് ട്രെഷർ, മൈ ഫസ്റ്റ് ഹോഴ്‌സ്, മൈ ഫ്രണ്ട് ദി ലയൺ, മൈ മദർ ലൈക്ക് നോ അദർ എന്നിങ്ങനെ അഞ്ച് കഥകളാണ് പുസ്തകത്തിലുള്ളത്.
എല്ലാ കുട്ടികൾക്കുമായി സമർപ്പിക്കുന്ന തന്റെ ആദ്യ പുസ്തകമാണ് മൈ ലിറ്റിൽ വേൾഡ് എന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. വായന കുട്ടികളുടെ മനസ്സിനെ സമ്പന്നമാക്കും. തന്റെ മുൻകാല അനുഭവങ്ങളും ജീവിതവും അറിയുന്നത് കുട്ടികളെ അദ്ഭുതകരമായ യാത്രകളിലേക്ക് നയിക്കുമെന്നും അദ്ദേഹം ട്വീറ്ററിലൂടെ പറഞ്ഞു.
മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള സൂക്ഷ്മ നിരീക്ഷണങ്ങൾ നിറഞ്ഞുനിൽക്കുന്ന മൈ ലിറ്റിൽ വേൾഡ് ധാരാളം ജീവിതപാഠങ്ങൾ നൽകുമെന്ന് ദുബായ് മീഡിയാ ഓഫീസ് ഡയറക്ടർ ജനറൽ മോനാ അൽ മർറി പറഞ്ഞു.