ദുബായ് : കിന്റർഗാർട്ടൻ (കെ.ജി.), ഗ്രേഡ് വൺ ലെവലുകളിലെ സ്‌കൂൾ വിദ്യാർഥികളുടെ പ്രവേശനത്തിനുള്ള ഏറ്റവും കുറഞ്ഞപ്രായം യു.എ.ഇ. പരിഷ്‌കരിച്ചു. യു.എ.ഇ. വിദ്യാഭ്യാസ മന്ത്രാലയവും വിദ്യാഭ്യാസ അധികാരികളും പുറത്തുവിട്ട അറിയിപ്പുപ്രകാരം ഒരു കുട്ടിക്ക് കെ.ജി.യിൽ ചേരാൻ നാലു വയസ്സ് തികഞ്ഞിരിക്കണം. ഗ്രേഡ് വണിന് വിദ്യാർഥിക്ക് ആറുമുതൽ എട്ടുവയസ്സുവരെ ഉണ്ടായിരിക്കണം.
2021-’22 അധ്യയന വർഷം (ഓഗസ്റ്റ് 31) മുതൽ ഇത് പ്രാബല്യത്തിൽവരും. ഏപ്രിലിൽ അക്കാദമിക് വർഷം ആരംഭിക്കുന്ന ഇന്ത്യ, പാകിസ്താൻ, ജാപ്പനീസ് പാഠ്യപദ്ധതികൾ പിന്തുടരുന്ന സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികളുടെ പ്രവേശന പ്രായം കണക്കാക്കുന്നതിനുള്ള തീയതി പുതുക്കാനും വിദ്യാഭ്യാസ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.