ദുബായ് : ഗൾഫിൽനിന്നുള്ള ചെറുകിട ഇന്ത്യൻ നിക്ഷേപകരെ ഉൾപ്പെടുത്തി പൊതു, സ്വകാര്യ പങ്കാളിത്തം ശക്തിപ്പെടുത്തണമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. പ്രവാസി ഭാരത് ദിവസ് സമ്മേളനത്തിന്റെ ഭാഗമായി ആത്മനിർഭർ ഭാരതത്തിൽ പ്രവാസികളുടെ പങ്കെന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യോത്പന്നം പോലെ ആരോഗ്യസംരക്ഷണം, സാങ്കേതികവിദ്യ, വിനോദസഞ്ചാരം എന്നിവയിലെല്ലാം കാര്യമായ സംഭാവനകൾ നൽകാനായി ഇടത്തരം നിക്ഷേപകർ മുന്നോട്ട് വരണം.
മഹാമാരിക്കിടയിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഗൾഫ് ഭരണാധികാരികളുമായി നേരിട്ട് സംസാരിച്ച് ഉറപ്പുവരുത്തിയ എൻ.ആർ.ഐ. സംരക്ഷണം എക്കാലവും സ്മരിക്കും. 47 വർഷത്തെ തന്റെ ഗൾഫ് ജീവിതത്തിനിടയിൽ ഇന്ത്യൻ ഭരണാധികാരികൾ ഗൾഫ് ഭരണാധികാരികളെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു സന്ദർഭവും ഉണ്ടായിട്ടില്ല. ലുലു ഗ്രൂപ്പ് ഭക്ഷ്യ ഉത്പന്നങ്ങളിൽ മാത്രമായി 3500 കോടി രൂപയുടെ കയറ്റുമതിയാണ് ഒരു വർഷം നടത്തിക്കൊണ്ടിരുന്നത്. മറ്റുള്ളവർക്കും ഇത്തരത്തിൽ സംഭാവനചെയ്യാൻ കഴിയുമെന്നും യൂസഫലി ഓർമിപ്പിച്ചു.