അജ്മാൻ: കരിപ്പൂരിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് യാത്രാതീരുമാനം അവസാനനിമിഷം മാറ്റിയെങ്കിലും അപകടവാർത്ത കേട്ട ഞെട്ടലിൽനിന്നും ഇപ്പോഴും പുറത്തുകടക്കാനായിട്ടില്ല മലപ്പുറം എടപ്പാൾ സ്വദേശി സക്കീർ താഴത്തുവളപ്പിന്. അഞ്ചുവർഷത്തോളം അജ്മാൻ മത്സ്യമാർക്കറ്റിൽ തൊഴിലാളിയായിരുന്നു. ശേഷം നാട്ടിലേക്ക് മടങ്ങി ഇപ്പോൾ മൂന്നുമാസത്തെ സന്ദർശകവിസയിൽ തൊഴിൽ തേടിയെത്തിയതായിരുന്നു. എന്നാൽ വൈറസ് വ്യാപനം കാരണം കാര്യമായി ജോലിയന്വേഷിക്കാനോ നേടാനോ കഴിഞ്ഞില്ല. ആ നിരാശയിൽ നാട്ടിലേക്ക് മടങ്ങാൻ സുഹൃത്തിന്റെ സഹായത്തോടെ ഒരു ടിക്കറ്റ് തരപ്പെടുത്തി.
എന്നാൽ എങ്ങനെയെങ്കിലും പിടിച്ചു നിൽക്കണമെന്നും ഒരു ജോലി കണ്ടെത്തണമെന്നും നാട്ടിലെ സാഹചര്യം വളരെ മോശമാണെന്നുമുള്ള സഹോദരന്റെ വാക്കുകൾ മനസ്സിൽ വട്ടംകറങ്ങാൻ തുടങ്ങി. മറ്റൊരുവഴിയും മുന്നിൽ തെളിയാത്തതിനാൽ രണ്ടും കൽപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻത്തന്നെ തീരുമാനിച്ചു.
നാട്ടിൽ ചെന്നാൽ എന്തുചെയ്യുമെന്നുള്ള ചിന്ത ഉറക്കം കളഞ്ഞു. ഒടുവിൽ ദുബായിൽനിന്നും കരിപ്പൂരിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസിനായി പെട്ടി കെട്ടി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. വിമാനത്തിലെ 74-ാമത് യാത്രക്കാരനായിട്ടാണ് സക്കീറിന്റെ പേര് പട്ടികയിൽ വന്നത്. പക്ഷെ പാതിവഴിയിൽ വീണ്ടും നാട്ടിലെത്തിയാലുള്ള ജീവിതത്തിന്റെ അനിശ്ചിതത്വം ചിന്തകളിൽ പിടിമുറുക്കി. ഒടുവിൽ തത്‌കാലം നാട്ടിലേക്കില്ലെന്നുറപ്പിച്ച് തിരികെ അജ്മാനിലേക്ക് മടങ്ങി.
ടിക്കറ്റ് തരപ്പെടുത്തിക്കൊടുത്ത സുഹൃത്തിനടക്കം നീരസം വന്നെങ്കിലും സക്കീറിന് ഇവിടെ പിടിച്ചുനിന്നേ മതിയാവുമായിരുന്നുള്ളു. തിരികെ താമസസ്ഥലത്ത് വന്ന് കടുത്ത നിരാശയിൽ ഇനിയെന്ത് എന്നാലോചിച്ച് ഇരിക്കുമ്പോഴാണ് വിമാനം അപകടത്തിൽപ്പെട്ട വിവരവുമായി സുഹൃത്തിന്റെ വിളി. സന്തോഷമാണോ സങ്കടമാണോ എന്നറിയാത്ത അവസ്ഥ. വാർത്തകളിൽ കൂടുതൽകാര്യങ്ങൾ അറിഞ്ഞതോടെ ഞെട്ടലിന്റെ ആഴംകൂടി. ഇപ്പോൾ പ്രതീക്ഷയോടെ അജ്മാനിലുണ്ട് സക്കീർ വിമാനയാത്രയോട് ഭയപ്പാടുള്ള മനസ്സുമായി.
സുഹൃത്തിന്റെ സഹായത്തോടെ സന്ദർശകവിസ പുതിയത് തരപ്പെടുത്താനുള്ള നീക്കത്തിലാണ്. ഇടപ്പാളയം കൂട്ടായ്മയും ഈ ചെറുപ്പക്കാരന് സഹായവുമായി രംഗത്തുണ്ട്. നാട്ടിൽ ഭാര്യയും രണ്ടുമക്കളും ഇതുവരെ ഞെട്ടലിൽനിന്ന് പുറത്തുവന്നിട്ടില്ലെന്നും ഈ ചെറുപ്പക്കാരൻ പറഞ്ഞു.