അബുദാബി : കോവിഡ് ദുരന്തമുഖത്ത് പ്രവർത്തിച്ച ഐ.സി.എഫ്. സന്നദ്ധ സേവകരെ അനുമോദിക്കുന്നതിനായി ‘സല്യൂഡസ്’ സംഘടിപ്പിച്ചു.
ഗൾഫ് രാജ്യങ്ങളിലെ ഭരണകൂടത്തോടും ഔദ്യോഗിക സംവിധാനങ്ങളോടും സഹകരിച്ച്, പ്രയാസമനുഭവിച്ച പതിനായിരങ്ങൾക്ക് ഐ.സി.എഫ്. കോവിഡ് കാലത്ത് സേവനമെത്തിച്ചിരുന്നു. സൗദി, യു.എ.ഇ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നടന്ന വിപുലമായ സാന്ത്വന പ്രവർത്തനങ്ങൾക്ക് സമൂഹം നൽകിയ അംഗീകാരത്തിന്റെ വേദി കൂടിയായി ഈ ഓൺലൈൻ സമ്മേളനം.
ഐ.സി.എഫ്. ഗൾഫ് കൗൺസിൽ പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയിൽ കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി ആമുഖഭാഷണം നടത്തി. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ അഭിവാദ്യ പ്രഭാഷണം നടത്തി. സഹജീവികളെ വിഷമത്തിൽനിന്ന് രക്ഷപ്പെടുത്തുന്നതിനേക്കാൾ മഹത്തരമായ മറ്റൊരു പ്രവർത്തനമില്ലെന്നും അതാണ് ജീവിത വിജയത്തിനുള്ള മാർഗമെന്നും കാന്തപുരം പറഞ്ഞു.
എൻ.കെ. പ്രേമചന്ദ്രൻ എം.പി, യു.എ.ഇ. നാഷണൽ കൗൺസിൽ അംഗം ദിറാർ ബൽഹൂൽ അൽ ഫലാസി, നോർക്ക റൂട്‌സ് ഡയറക്ടർമാരായ ഒ.വി. മുസ്തഫ , സി.വി. റപ്പായ് തുടങ്ങിയവർ പങ്കെടുത്തു.