ദുബായ് : കോവിഡ് 19 മുൻകരുതൽ മാർഗനിർദേശങ്ങളുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങൾ ദുബായ് മുനിസിപ്പാലിറ്റി അധികൃതർ കണ്ടെത്തി. 133 ശീഷ കഫേകൾക്ക് മുനിസിപ്പൽ ഇൻസ്പെക്ടർമാർ പിഴ ചുമത്തി. എട്ടെണ്ണം അടപ്പിച്ചു. കാലാവധി കഴിഞ്ഞ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുക, 18 വയസ്സിന് താഴെയുള്ളവരെ പുകവലിക്കാൻ അനുവദിക്കുക തുടങ്ങിയ ലംഘനങ്ങളാണ് കണ്ടെത്തിയത്. കോവിഡിനെത്തുടർന്ന് അടച്ചിട്ടിരുന്ന കഫേകൾ ജൂലായ് 18 മുതലാണ് പ്രവർത്തിക്കാൻ തുടങ്ങിയത്. ലംഘനങ്ങൾക്കെതിരേ മുനിസിപ്പാലിറ്റി കർശന നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഇതുവരെ 1228 പരിശോധനകൾ നടത്തിയതായി സിവിക് ബോഡി അറിയിച്ചു. അതിൽ 88 ശതമാനം കഫേകളും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതായി കണ്ടെത്തി.