ദുബായ്: യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് പ്രിയപ്പെട്ടവർ ജന്മദിനാശംസകൾ നേർന്നു. വ്യാഴാഴ്ചയായിരുന്നു ശൈഖ് മുഹമ്മദിന്റെ 72-ാം പിറന്നാൾ. സ്വദേശികളും വിദേശികളും ഉൾപ്പെടെ ലോകത്തിന്റെ വിവിധയിടങ്ങളിൽനിന്ന് അദ്ദേഹത്തിന് ആശംസകളെത്തി. സാമൂഹിക മാധ്യമങ്ങളിലൂടെയും യു.എ.ഇയിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖർ അദ്ദേഹത്തിന് ആശംസകൾ അർപ്പിച്ചു. ബാല്യകാല ചിത്രങ്ങൾ സഹിതം പോസ്റ്റ് ചെയ്തും വീഡിയോ മൊണ്ടാഷ് ഉണ്ടാക്കിയുമായിരുന്നു ആശംസകൾ അർപ്പിച്ചത്.

ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദ്, ദുബായ് കൗൺസിൽ അംഗവും കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റി ചെയർവുമനുമായ ശൈഖ ലത്തീഫ ബിന്ത് മുഹമ്മദ്, ദുബായ് വിമെൻ എസ്റ്റാബ്ലിഷ്‌മെന്റ് പ്രസിഡന്റും യു.എ.ഇ. ജെൻഡർ ബാലൻസ് കൗൺസിൽ പ്രസിഡന്റുമായ ശൈഖ മനൽ ബിന്ത് മുഹമ്മദ് തുടങ്ങിയവരും ജന്മദിനാശംസകൾ നേർന്നു. യു.എ.ഇ. കമ്പനികളും സാമൂഹിക മാധ്യമങ്ങളിൽ ആശംസകൾ പങ്കിട്ടു. എമിറേറ്റ്‌സ് എയർലൈൻ ചെയർമാനും ചീഫ് എക്‌സിക്യുട്ടീവുമായ ശൈഖ് അഹമദ് ബിൻ സയീദ്, ഫസ്റ്റ് അബുദാബി ബാങ്ക്, ജെംസ് എജ്യുക്കേഷൻ, ആസ്റ്റർ ഹെൽത്ത് കെയർ, ഹംദാൻ ബിൻ മുഹമ്മദ് സ്മാർട് യൂണിവേഴ്‌സിറ്റി, ശൈഖ് മുഹമ്മദ് സ്ഥാപിച്ച ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ആരോഗ്യസംരക്ഷണ സംഘടനയായ അൽ ജലൈല ഫൗണ്ടേഷൻ എന്നിവയും ആശംസകൾ അറിയിച്ചു.

പിറന്നാൾ ആഘോഷദിനങ്ങളിലും കോവിഡ് മഹാമാരിയിൽ പതറാതെ ലോകത്തിന് സഹായം നൽകുന്നതിലും എക്സ്‌പോ 2020 ദുബായ് വിജയമാക്കുന്നതിനും വേണ്ട പ്രവൃത്തികളിലാണ് ശൈഖ് മുഹമ്മദ്.