ദുബായ്: ക്ലബ്ബ് എഫ്.എം. യു.എ.ഇ. നടത്തിയ മാപ്പിളപ്പാട്ട് കാർ മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ദുബായ് മീഡിയ സിറ്റിയിലെ മാതൃഭൂമി ഓഫീസിൽ നടന്ന ചടങ്ങിൽ നാഷണൽ പെയിന്റ്‌സ് സെയിൽസ് മാനേജർ വി.പി. ശ്രീകുമാർ ആണ് പുരസ്കാര ദാനം നടത്തിയത്. തിരുവനന്തപുരം കല്ലമ്പലം സ്വദേശി ഷംഷാദ് ആണ് ഒന്നാംസ്ഥാനം നേടിയത്. പാലക്കാട് ആലത്തൂർ സ്വദേശി അനിരുദ്ധ അരവിന്ദ് രണ്ടാംസ്ഥാനവും തൃശ്ശൂർ പാവറട്ടി സ്വദേശി മഹഫൂസ് കമാൽ മൂന്നാംസ്ഥാനവും നേടി. മാതൃഭൂമി ജനറൽ മാനേജർ പി.എസ്. ശ്രീകുമാർ, സെയിൽസ് മേധാവി എസ്. ശ്രീകുമാർ എന്നിവരും പങ്കെടുത്തു. പേൾ വിസ്ഡം സ്കൂൾ ഡയറക്ടർ സൂരജ് രാമചന്ദ്രൻ ആശംസകൾ നേർന്നു. മാപ്പിളപ്പാട്ട് മേഖലയിലെ പ്രശസ്തരായ കണ്ണൂർ സലിം ഫാമിലിയാണ് ജേതാക്കളെ കണ്ടെത്തിയത്.

വിവിധ എമിറേറ്റുകളിലായാണ് ക്ലബ്ബ് എഫ്.എം. മത്സരം സംഘടിപ്പിച്ചത്. പ്രവാസികളിലെ മികച്ച മാപ്പിളപ്പാട് കലാകാരന്മാരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു മത്സരം. ഒരു വേദിയിൽ മത്സരം നടത്തുക എന്ന പതിവ് ഉപേക്ഷിച്ച് ക്ലബ്ബ് എഫ്.എം. മത്സരാർഥികളുടെ അടുത്തേക്ക് പോവുകയായിരുന്നു. ആർ.ജെ. തൻവീർ ആയിരുന്നു പരിപാടിയുടെ അവതാരകൻ. ദുബായ് പേൾ വിസ്ഡം സ്കൂൾ, നാഷണൽ പെയിന്റ്‌സ് എന്നീ സ്ഥാപനങ്ങൾ പരിപാടിയുടെ പ്രായോജകരായി.