അബുദാബി : മൗറിറ്റാനിയയിലേക്ക് യു.എ.ഇ. ഒരുലക്ഷം ഡോസ് കോവിഡ് വാക്സിൻ സഹായം ലഭ്യമാക്കി. ഇതോടൊപ്പം 15 മെട്രിക് ടൺ മെഡിക്കൽ ഉത്പന്നങ്ങളും കയറ്റിയയച്ചു. കഷ്ടതയനുഭവിക്കുന്ന രാജ്യങ്ങൾക്ക് കോവിഡ് കാലത്ത് കൂടുതൽ സഹായങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയുടെ ഭാഗമായാണിത്.

ആഫ്രിക്കൻ രാജ്യങ്ങളുടെ കോവിഡ് സുരക്ഷാ പ്രവർത്തനങ്ങൾക്കായി യു.എ.ഇ. ഇതിനകം അഞ്ച് വിമാനങ്ങളിൽ മെഡിക്കൽ ഉത്പന്നങ്ങളും വാക്സിനുകളും ലഭ്യമാക്കിയിരുന്നു. 2020 ഏപ്രിൽ മുതൽ യു.എ.ഇ. 35 മെട്രിക് ടൺ മെഡിക്കൽ ഉത്പന്നങ്ങളാണ് മൗറിറ്റാനിയയിലേക്ക് കയറ്റിയയച്ചതെന്ന് യു.എ.ഇ. സ്ഥാനപതി ഹമദ് ഗാനിം അൽ മെഹൈരി പറഞ്ഞു. മൗറിറ്റാനിയയുടെ തലസ്ഥാനമായ നൗവാക്‌ചോട്ടിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ഫീൽഡ് ആശുപത്രിയും കോവിഡ് പ്രതിരോധത്തിനായി യു.എ.ഇ. സ്ഥാപിച്ചിട്ടുണ്ട്. കഷ്ടതയനുഭവിക്കുന്ന 136 രാജ്യങ്ങളിലേക്ക് 2250 ടൺ മരുന്നുകളും മെഡിക്കൽ ഉത്പന്നങ്ങളും അടങ്ങുന്ന സഹായം യു.എ.ഇ. ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്.