ദുബായ് : ലോകമഹാമേളയായ ദുബായ് എക്സ്‌പോ 2020 വേദിയിൽ ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായുള്ള പ്രത്യേക ഫിറ്റ്‌നസ് വില്ലേജ്‌ ഒരുങ്ങും. നഗരത്തിലെ ഒട്ടേറെ ഫിറ്റ്‌നസ് വില്ലേജുകളിൽ ഒന്നായിരിക്കും എക്സ്‌പോ വേദിയിൽ ഉണ്ടാവുക. ബുധനാഴ്ചയാണ് ദുബായ് ഫിറ്റ്‌നസ് ചലഞ്ച് തീയതികൾ പ്രഖ്യാപിച്ചത്. ചലഞ്ചിന്റെ അഞ്ചാംപതിപ്പാണിത്. ഒക്ടോബർ 29 മുതൽ നവംബർ 27 വരെയാണ് ചലഞ്ച്. ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി 30 ദിവസത്തേക്ക് 30 മിനിറ്റ് നേരം പ്രവാസികൾക്കുൾപ്പെടെ എല്ലാവർക്കും വ്യായാമങ്ങൾ ചെയ്യാം. സൗജന്യ വ്യായാമപരിശീലനം, ഫിറ്റ്‌നസ് ഇവന്റുകൾ, വെൽനസ് കേന്ദ്രീകൃതവിനോദം എന്നിവയെല്ലാം ഒരുമാസത്തോളം നീണ്ടുനിൽക്കുന്ന പരിപാടിയിലുണ്ടാകും. ദുബായ് കൈറ്റ് ബീച്ചിലും ഒരു ഫിറ്റ്‌നസ് ഗ്രാമം ഒരുങ്ങുന്നുണ്ട്.

ദുബായ് റൺ, ദുബായ് റൈഡ് എന്നിവയും ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി അരങ്ങേറും. 2020-ൽ ദുബായ് റൈഡിനായി ശൈഖ് സായിദ് റോഡ് 14 കിലോമീറ്റർ സൈക്ലിങ് ട്രാക്കായി മാറിയിരുന്നു. 20,000-ത്തിലേറെ പേരാണ് പങ്കുചേർന്നത്. ദുബായ് റണ്ണിനായി നഗരത്തിലെ ബീച്ചുകളും പാർക്കുകളും ജോഗിങ് ട്രാക്കുകളായി മാറും. രജിസ്‌ട്രേഷൻ വിവരങ്ങളും പ്രവർത്തനങ്ങളുടെ മുഴുവൻ കാര്യങ്ങളും അടുത്ത ദിവസങ്ങളിൽ പുറത്തുവിടുമെന്ന് ദുബായ് മീഡിയാ ഓഫീസ് അറിയിച്ചു. ഈ വർഷം 10 ലക്ഷത്തിലേറെപ്പേരെയാണ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി പ്രതീക്ഷിക്കുന്നത്.

2017-ൽ ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്ബിൻ റാഷിദ് അൽമക്തൂമാണ് ഈ ചലഞ്ച് ആദ്യമായി ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും സജീവമായ നഗരമാക്കി ദുബായിയെ മാറ്റുകയാണ് ഫിറ്റ്നസ് ചലഞ്ചിന്റെ ലക്ഷ്യം. ഒരാളുടെ ആരോഗ്യത്തിലും ക്ഷേമത്തിലും കാര്യമായ മാറ്റംവരുത്താൻ ഏകദേശം 30 ദിവസമെടുക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നതായി ഫിറ്റ്നസ് വിദഗ്ധർ വ്യക്തമാക്കുന്നു.