ദുബായ് : ടോക്യോ പാരാലിമ്പിക്സിലെ യു.എ.ഇ.യുടെ മെഡൽ ജേതാക്കളെ നേരിൽക്കണ്ട് അഭിനന്ദിച്ച് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. പാരാലിമ്പിക്സിൽ രാജ്യത്തിന്റെ പതാക ഉയർത്തിയ ചാമ്പ്യൻമാർ യു.എ.ഇ.യുടെ അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ പാരാലിമ്പിക്സ് സംഘത്തിന് സ്വീകരണം നൽകിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

അന്താരാഷ്ട്ര കായികവേദിയിൽ യു.എ.ഇ.യുടെ പേരും പെരുമയും ഉയർത്തുക മാത്രമല്ല, കഠിനാധ്വാനവും അർപ്പണബോധവും സ്ഥിരോത്സാഹവുമാണ് വിജയത്തിന്റെ താക്കോലെന്ന് തെളിയിക്കുകകൂടി ചെയ്തു. ഈ നേട്ടങ്ങൾ മറ്റുള്ളവർക്കുകൂടി പ്രചോദനമാകുമെന്നും ഭരണാധികാരി പറഞ്ഞു. കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങളിൽ നേട്ടങ്ങൾ കൈവരിക്കണമെന്നും കഠിനാധ്വാനം തുടരണമെന്നും അദ്ദേഹം ടീമിനോട് ആഹ്വാനംചെയ്തു. യു.എ.ഇ. പാരാലിമ്പിക് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഫധേൽ അൽ ഹമേലി ശൈഖ് മുഹമ്മദിന്റെ അഭിനന്ദനങ്ങൾക്ക് നന്ദിപറഞ്ഞു.

കഴിഞ്ഞദിവസം അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ചാമ്പ്യൻമാരെ അഭിനന്ദിച്ചിരുന്നു. 50 മീറ്റർ റൈഫിൾ ത്രിപി മത്സരത്തിൽ യു.എ.ഇ.യ്ക്കുവേണ്ടി ആദ്യ സ്വർണം നേടിയ ഷൂട്ടിങ് താരം അബ്ദുള്ള സുൽത്താൻ അൽ അൽ അര്യാനി, ഒളിമ്പിക് സ്റ്റേഡിയത്തിൽ 100 മീറ്റർ ടി 34 വീൽചെയറിൽ വെങ്കലം നേടി ഗെയിംസിൽ രാജ്യത്തെ ആദ്യമെഡൽ ഉറപ്പിച്ച മുഹമ്മദ് അൽ ഹമ്മദി തുടങ്ങിയവരാണ് ആദരവ് ഏറ്റുവാങ്ങിയത്.