ദുബായ് : ജുമൈറയിൽ വിനോദസഞ്ചാരിയെ പീഡിപ്പിച്ച സംഭവത്തിൽ മൊറോക്കൻ സ്വദേശിക്ക് ദുബായ് കോടതി 15 വർഷം തടവുശിക്ഷ വിധിച്ചു. 2020 ഡിസംബർ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം.

ജുമൈറ ലേക്ക് ടവേഴ്‌സിലെ ഹോട്ടൽ റെസ്റ്റോറന്റിൽവെച്ച് കണ്ടുമുട്ടിയ യുവതിയാണ് പീഡനത്തിന് ഇരയായത്. ഹെയർ സ്റ്റൈലിസ്റ്റ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചും ഹെയർ ട്രീറ്റ്‌മെന്റ് ഉത്പന്നങ്ങൾ വിൽക്കുന്നയാളാണെന്ന് പറഞ്ഞും പ്രതി യുവതിയെ താമസയിടത്തേക്ക് ക്ഷണിച്ചുവരുത്തുകയായിരുന്നു. താമസയിടത്ത് എത്തിയ യുവതിയെ പിന്നീട് പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് കോടതി വ്യക്തമാക്കി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

മുറിയിൽനിന്ന് രക്ഷപ്പെട്ട് ഇറങ്ങിയോടിയ യുവതി പിന്നീട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഭയന്നുവിറച്ച യുവതി പോലീസിനെ വിളിക്കുന്ന കാഴ്ച കണ്ടിരുന്നുവെന്ന് കെട്ടിടത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ പോലീസിനെ അറിയിച്ചിരുന്നു.

സ്ഥലത്തെത്തിയ പോലീസ് പ്രതിയെ ഉടൻതന്നെ കസ്റ്റഡിയിലെടുത്തു. ആദ്യം കുറ്റം സമ്മതിച്ചെങ്കിലും പിന്നീട് 500 ദിർഹത്തിന് പകരമായി യുവതി സ്വയമേ താമസയിടത്തേക്ക് വരുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് പറഞ്ഞു. അതേസമയം, മുറിക്കുള്ളിൽനിന്ന് സ്ത്രീയുടെ നിലവിളി കേട്ടിരുന്നതായി സമീപവാസികൾ പോലീസിനെ അറിയിച്ചു.

അക്രമത്തിൽനിന്ന് രക്ഷപ്പെടാനുള്ള യുവതിയുടെ ശ്രമത്തിൽ പ്രതിയുടെ ശരീരത്തിൽ പാടുകളുണ്ടെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ പറയുന്നു. അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതിയെ ജയിൽശിക്ഷയ്ക്കുശേഷം നാടുകടത്തും.