അബുദാബി : യു.എ.ഇ.യിലെ പുതിയ താമസക്കാരൻ ചില്ലറക്കാരനല്ലെന്നാണ് അധികൃതർ പറയുന്നത്. ലോകത്തിലെ ഏറ്റവും വലുതെന്ന് കരുതപ്പെടുന്ന പെരുമ്പാമ്പാണ് അബുദാബിയിലെ അൽ ഖാനയിലുള്ള നാഷണൽ അക്വേറിയത്തിൽ എത്തിയിരിക്കുന്നത്. 14 വയസ്സുള്ള പാമ്പിന് 115 കിലോയാണ് ഭാരം. ഏഴുമീറ്ററിലധികം നീളമുള്ള ഇതിന്റെ ചലനങ്ങൾ കാണാനുള്ള കൗതുകത്തിലാണ് സന്ദർശകർ.

താറാവിനെയും മുയലുകളെയും തിന്നുന്ന ഈ വമ്പൻ പാമ്പ് തെക്കുകിഴക്കൻ ഏഷ്യക്കാരനാണ്. പത്തുമീറ്റർ വരെ വലുതാകുന്ന ഈ ഇനത്തിൽപ്പെടുന്ന ഇത്രയും വലിയ പാമ്പ് ആദ്യമായാണ് യു.എ.ഇ.യിലെത്തുന്നത്.

ഉടൻതന്നെ ഇവിടെയെത്തുന്ന സന്ദർശകർക്ക് ഈ പാമ്പിനെ കാണാൻ അവസരമൊരുക്കുമെന്ന് നാഷണൽ അക്വേറിയം ക്യൂറേറ്റർ ബിയാട്രിസ് മക്യൂറ പറഞ്ഞു.

പരിചാരകർ അതീവശ്രദ്ധയോടെ ഇതിനെ അക്വേറിയത്തിലെ പുതിയ ആവാസവ്യവസ്ഥയുടെ ഭാഗമാക്കാനുള്ള ശ്രമത്തിലാണ്. എന്തുകൊണ്ടാണ് ഇത്തരമൊരു ജന്തുവിനെ ഇവിടെ എത്തിച്ചിരിക്കുന്നതെന്ന കാര്യവും ഉടൻ വെളിപ്പെടുത്തുമെന്നും ബിയാട്രിസ് പറഞ്ഞു.

നാഷണൽ അക്വേറിയത്തിലെ പ്രധാന ആകർഷണമായി പെരുമ്പാമ്പ് മാറുമെന്നകാര്യത്തിൽ തർക്കമില്ലെന്ന് ജനറൽ മാനേജർ പോൾ ഹാമിൽട്ടൺ പറഞ്ഞു.