ദുബായ് : മെട്രോ, ട്രാം പരിപാലന ചുമതല കിയോലിസ് എം.എച്ച്.ഐ. റെയിൽ മാനേജ്മെന്റ് ആൻഡ് ഓപ്പറേഷൻ എൽ.എൽ.സി.ക്ക് നൽകിയതായി ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അറിയിച്ചു. സെർക്കോ മിഡിൽ ഈസ്റ്റിനായിരുന്നു ഇതുവരെ മെട്രോ, ട്രാം പരിപാലന ചുമതലയുണ്ടായിരുന്നത്. പ്രവർത്തനമാരംഭിച്ച് 12 വർഷം പിന്നിടുന്ന വേളയിലാണ് ദുബായ് മെട്രോയുടെ പരിപാലനം പുതിയ കമ്പനി സ്വന്തമാക്കുന്നത്.

99.7 ശതമാനം പ്രവർത്തനക്ഷമത പുലർത്തിയിരുന്ന ഈ പൊതുഗതാഗതസംവിധാനം ഓഗസ്റ്റ് മാസം വരെ 1.706 ബില്യൺ യാത്രികർ പ്രയോജനപ്പെടുത്തി. അൽ റാഷിദിയ മെട്രോ സെന്ററിൽനടന്ന ചടങ്ങിൽ ആർ.ടി.എ. ചെയർമാൻ മതാർ മുഹമ്മദ് അൽ തയർ, സെർക്കോ ഗ്രൂപ്പ് മിഡിൽ ഈസ്റ്റ് സി.ഇ.ഒ. ഫിൽ മാലിം, കിയോലിസ് ഗ്രൂപ്പ് ഇന്റർനാഷണൽ സി.ഇ.ഒ. ബെർണാഡ് തബാരി, ദുബായ് പോലീസ് ട്രാൻസ്പോർട്ട് സെക്യൂരിറ്റി ഡയറക്ടർ ബ്രിഗേഡിയർ ഒബൈദ് അൽ ഹത്ബൂർ എന്നിവർ ഭാഗമായി.

ദുബായ് പൊതുഗതാഗതസംവിധാനത്തിന്റെ നട്ടെല്ലാണ് മെട്രോ, ട്രാം സർവീസുകൾ. ജനങ്ങൾക്ക് മികച്ച യാത്രാസൗകര്യം ഒരുക്കുന്നതിനൊപ്പം നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയതോതിൽ പരിഹാരമുണ്ടാക്കാനും ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. ദുബായ് ബിസിനസ് രംഗത്തെ നേട്ടങ്ങൾക്കും ഈസർവീസുകൾക്ക് നിർണായകപങ്കുണ്ടെന്ന് മത്താർ മുഹമ്മദ് അൽ തായർ പറഞ്ഞു.