ദുബായ് : അത്യാധുനിക സൗകര്യങ്ങളോടെ ദുബായ് വിമാനത്താവളത്തിൽ പുതിയ കോവിഡ് പരിശോധനാകേന്ദ്രം തുറന്നു. ലോകത്തിൽ ഏറ്റവുമധികം യാത്രക്കാരെത്തുന്ന വിമാനത്താവളങ്ങളിൽ ഒന്നായ ഇവിടെ അതിവിശാലമായ സംവിധാനങ്ങളോടുകൂടിയ പരിശോധനാ കേന്ദ്രമാണ് ആരംഭിച്ചത്.

പി.സി.ആർ. പരിശോധനാ ഫലം നാലുമുതൽ ആറുമണിക്കൂറിനകം ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും. ഇതിനുമുമ്പ് വരെ യാത്രക്കാരുടെ സാമ്പിളുകൾ ശേഖരിച്ച് 12 മണിക്കൂറിന്റെ ഇടവേളകളിൽ വിവിധ ലബോറട്ടറികളിൽ എത്തിച്ചാണ് പരിശോധന നടത്തിയിരുന്നത്. എന്നാൽ പുതിയകേന്ദ്രം പ്രവർത്തനമാരംഭിച്ചതോടെ സാമ്പിളുകൾ ശേഖരിച്ച് 30 മിനിറ്റിനകം വിമാനത്താവളത്തിനുള്ളിൽതന്നെ പ്രവർത്തിക്കുന്ന ലാബിൽനിന്ന് പരിശോധനനടത്തി ഫലം ലഭ്യമാക്കാൻ കഴിയുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബിൽ പ്രതിദിനം ഒരുലക്ഷം സാമ്പിളുകൾ പരിശോധിക്കാനുള്ള സൗകര്യമുണ്ട്. യാത്രികർക്ക് കാത്തിരിപ്പ് സമയം കുറച്ച് എളുപ്പത്തിൽ ഫലം ലഭ്യമാക്കാൻ കഴിയുന്നതായി ആരോഗ്യമന്ത്രാലയം മെഡിക്കൽ ഡയറക്ടർ കാർലോ കബാർ പറഞ്ഞു.

സാമ്പിളുകൾ ശേഖരിക്കാൻ 330 ജീവനക്കാരും പരിശോധനയ്ക്കായി 100 വിദഗ്ധരും വിമാനത്താവളത്തിനുള്ളിൽ പ്രവർത്തിക്കുന്നുണ്ട്.

പരിശോധനാ ഫലം ടെക്സ്റ്റ് മെസേജായും അൽ ഹൊസൻ ആപ്പിലും ലഭ്യമാക്കുന്നു. ലബോറട്ടറി എല്ലാ സർക്കാർ സംവിധാനങ്ങളുമായും ബന്ധപ്പെടുത്തിയുള്ളതായതിനാൽ പരിശോധനാ ഫലം ഉടൻതന്നെ സർക്കാർ പോർട്ടലുകളിലും ലഭ്യമാക്കാനാകുമെന്ന് ദുബായ് എയർപോർട്ട് ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് ഈസ അൽ ഷംസി പറഞ്ഞു.

കോവിഡിന്റെ തുടക്കംതൊട്ട് 50 ലക്ഷത്തോളം പേരെ ഇവിടെ പരിശോധിച്ചു. എക്സ്‌പോയുടെ പശ്ചാത്തലത്തിൽ കൂടുതൽ സന്ദർശകർ എത്തുന്നതുകൂടി പരിഗണിച്ചാണ് വിമാനത്താവളത്തിനുള്ളിൽ തന്നെ സമഗ്ര പരിശോധനാ സംവിധാനം ഒരുക്കിയിരിക്കുന്നത്.