ദുബായ് : അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എക്സ്‌പോ വേദിയിലെ സൗദി അറേബ്യൻ പവിലിയൻ സന്ദർശിച്ചു. സൗദി കാബിനറ്റ് അംഗവും സഹമന്ത്രിയുമായ പ്രിൻസ് തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദും മറ്റു ഉദ്യോഗസ്ഥരുംചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

സൗദി ജനത, പ്രകൃതി, പൈതൃകം, അവസരങ്ങൾ എന്നിങ്ങനെ നാല് പ്രധാന സ്തംഭങ്ങളിലൂടെയാണ് സന്ദർശകർക്ക് രാജ്യത്തെ അടുത്തറിയാനാകുന്ന രീതിയിൽ സൗദിപവിലിയൻ ഒരുക്കിയിരിക്കുന്നത്. ശൈഖ് മുഹമ്മദ് ബിൻ സായിദ് സൗദി അറേബ്യ മുന്നോട്ടുവെക്കുന്ന ഭാവിയെക്കുറിച്ചുള്ള പ്രചോദനാത്മകമായ കാഴ്ചപ്പാടുകളും അതിശയകരമായ പദ്ധതികളും നേരിട്ട് കണ്ടറിഞ്ഞു.

സുപ്രധാന വികസനം, സമൃദ്ധി, പുരാതന ചരിത്രം, പ്രചോദനാത്മകമായ പദ്ധതികൾ, ഭാവിദർശനം എന്നിവ അടിവരയിടുന്ന സമ്പന്നവും നൂതനവുമായ ഉള്ളടക്കം പ്രദർശിപ്പിക്കുന്ന ഈ പവിലിയൻ സന്ദർശിച്ചതിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് സന്തോഷം പ്രകടിപ്പിച്ചു.

വിവിധ രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരെ സ്വീകരിക്കുന്ന സൗദി ജീവനക്കാരെ അദ്ദേഹം അഭിനന്ദിച്ചു. നൂതനമായ ആശയങ്ങൾ മുന്നോട്ട് വെക്കുന്നതിൽ സൗദിയുവാക്കൾ മികവ് പുലർത്തുന്നതായും ഇവർ സൗദി അറേബ്യയെക്കുറിച്ച് ലോകത്തിനുമുന്നിൽ മാന്യവും തിളക്കമാർന്നതുമായ ഒരു പ്രതിച്ഛായ അവതരിപ്പിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉപപ്രധാനമന്ത്രിയും പ്രെസിഡെൻഷ്യൽ അഫയേഴ്‌സ് വകുപ്പുമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, മറ്റു ഒട്ടേറെ മന്ത്രിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ അദ്ദേഹത്തെ അനുഗമിച്ചു.

13,000 ചതുരശ്രമീറ്ററിലധികം വിസ്‌തൃതിയുള്ള സൗദി പവലിയൻ ഓപ്പർച്യൂണിറ്റി ഡിസ്ട്രിക്റ്റിലാണ് സ്ഥിതിചെയ്യുന്നത്. എക്സ്‌പോ 2020 ദുബായ് സൈറ്റിലെ രണ്ടാമത്തെ വലിയ പവിലിയനാണ് ഇത്.

ഭൂമിക്കുമുകളിൽ ആറ് നിലകളിൽ ഉയർന്നുനിൽക്കുന്ന ഈ പവിലിയൻ സന്ദർശകർക്കുമുന്നിൽ സൗദിയുടെ പുരാതന സംസ്കാരവും പൈതൃകവും അതിന്റെ പ്രകൃതിദൃശ്യത്തിന്റെ അത്ഭുതങ്ങളും വർത്തമാന, ഭാവി അഭിലാഷങ്ങൾ തേടിയുള്ള ദ്രുതഗതിയിലുള്ള സഞ്ചാരവും അനുഭവവേദ്യമാക്കും.