ദുബായ് : ലോകമഹാമേള തുടങ്ങി ആദ്യ വാരാന്ത്യമായ വെള്ളിയാഴ്ച എക്സ്‌പോ വേദിയിലെത്തിയത് പതിനായിരങ്ങൾ. വെള്ളിയാഴ്ച രാവിലെ എട്ടുമണിക്കുതന്നെ സ്പെഷ്യൽ മെട്രോ സർവീസ് നടത്തുന്നതിനാൽ സന്ദർശകർക്ക് എക്സ്‌പോ യാത്രയും എളുപ്പമായി. കൂടാതെ യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിൽനിന്നും പ്രത്യേക ആർ.ടി.എ. ബസും സർവീസ് നടത്തുന്നുണ്ട്.

ചൂട് കുറഞ്ഞുവരുന്നതുകൊണ്ടുതന്നെ രാവിലെയും വൈകീട്ടുമാണ് ആളുകൾ അധികവും വേദി സന്ദർശിക്കുന്നത്. ഉച്ചയ്ക്ക് കൂടിയ താപനില ഇപ്പോൾ 36 ഡിഗ്രി വരെയാണ്. അന്തരീക്ഷ ഊഷ്മാവിനും കുറവുണ്ട്. ഈ മാസം അവസാനത്തോടുകൂടി രാജ്യം പൂർണമായും തണുപ്പിലേക്ക് പ്രവേശിക്കുന്നതോടെ എക്സ്‌പോ 2020-ലേക്ക് സന്ദർശകരുടെ തിരക്കേറും.

കാഴ്ചകൾ ആസ്വദിക്കാനും അറിവ് നേടാനുമായി കുട്ടികളുൾപ്പെടെയുള്ളവരുടെ ഒഴുക്കായിരിക്കും അടുത്തമാസത്തോടെ. പ്രത്യേക ഒക്ടോബർ പാസ് ഉള്ളതുകൊണ്ടുതന്നെ ആളുകൾക്ക് ഇപ്പോൾ വിസ്മയങ്ങൾ ആസ്വദിക്കാനുള്ള അവസരമുണ്ട്. ഒരുദിവസത്തെ 95 ദിർഹം ടിക്കറ്റ് നിരക്കിൽ ഒക്ടോബർ മാസം മുഴുവൻ എക്സ്‌പോ സന്ദർശിക്കാനുള്ള അവസരമാണ് ഒക്ടോബർ പാസിലൂടെ ലഭിക്കുക.

വെറും 65 ദിർഹത്തിന് എക്സ്‌പോ ടൂർ ഗൈഡ്

താമസക്കാർക്കും വിനോദസഞ്ചാരികൾക്കും എക്സ്‌പോ 2020 വെബ്‌സൈറ്റിലൂടെ വെറും 65 ദിർഹത്തിന് ഒരു ടൂർ ഗൈഡിനെ നിയമിക്കാം. സൈക്കിളിലും നടന്നും കാഴ്ചകൾ കാണാനും അവസരങ്ങൾ സ്വയം തിരഞ്ഞെടുക്കുകയുമാവാം. ഇതിൽ രണ്ട് തരത്തിലുള്ള ടൂർ പാക്കേജുകൾ ലഭ്യമാണ്. ഒരു ദിവസം മുഴുവനുമായോ പകുതിദിവസത്തെ യാത്രയായോ തിരഞ്ഞെടുക്കാം. അർധദിന നടത്തയാത്രയ്ക്ക് 65 ദിർഹമാണ് നിരക്ക്.

എക്സ്‌പോയിലെ 15 ഇടങ്ങളിൽ സന്ദർശനം നടത്താം. മൂന്നുമണിക്കൂറിലേറെ സമയം വേണ്ടിവരും. കൂടുതൽ പവിലിയനുകളിൽ എത്തണമെന്നാഗ്രഹിക്കുന്നവർ 120 ദിർഹം നൽകിയുള്ള പാക്കേജ് എടുക്കണം.

ഇതിൽ 25 ഇടങ്ങളിൽ സന്ദർശിക്കാനാവും. ടൂർ ഗൈഡ് ഓരോ ഇടങ്ങളും വ്യക്തമായി വിശദീകരിച്ചുതരും. ഓരോ രാജ്യത്തെയും പവിലിയനുകളുടെ പ്രത്യേകത, സവിശേഷമായ രീതികൾ എന്നിവയെല്ലാം ഗൈഡ് വിശദമാക്കും.

സൈക്ലിങ് ടൂർ പാക്കേജുകൾ സൗജന്യമാണ്. സന്ദർശകരുടെ ഇഷ്ടസമയത്തെ അടിസ്ഥാനമാക്കി ഓൺലൈൻ വഴി ബുക്ക് ചെയ്യാം. ടൂർ ഗൈഡും കൂടെയുണ്ടാകും. ഇതിൽ ഏഴ്‌ സ്റ്റോപ്പുകളുണ്ടാകും. ഈ പാക്കേജിൽ സന്ദർശകരിൽനിന്നും ഗൈഡുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സൈക്കിൾടൂറിൽ ഒരു ഗ്രൂപ്പിന് 14 പേർക്കുമാത്രമേ പങ്കെടുക്കാനാവു. രണ്ട് ടൈം സ്ലോട്ടുകൾ ലഭ്യമാണ്. രാവിലെ 10-നും വൈകീട്ട് നാലിനും ഇടയിൽ അറബി സംസാരിക്കുന്ന ടൂർ ഗൈഡിനെ ലഭിക്കും. രാവിലെ 10.10 മുതൽ വൈകീട്ട് 4.10 വരെ ഇംഗ്ലീഷ് സംസാരിക്കുന്ന ഗൈഡിനെ ലഭിക്കും. സൈക്കിൾ ടൂർ കഴിഞ്ഞാൽ എക്സ്‌പോയിൽ നിങ്ങൾ ഏറ്റവും കൂടുതൽ കാണാനാഗ്രഹിക്കുന്നതെന്താണ് എന്നതിനെക്കുറിച്ച് ഏകദേശരൂപം ഉണ്ടാക്കാനാവും.

അൽ വാസൽ പ്ലാസയിൽശൈഖ് റാഷിദിന് ആദരവ്

എക്സ്‌പോ 2020 ദുബായിലെ അൽ വാസൽ പ്ലാസ താഴികക്കുടത്തിൽ ശൈഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമിന്റെ 31-ാ മത് ചരമവാർഷികത്തോടനുബന്ധിച്ച് ആദരവ് തെളിഞ്ഞു. വ്യാഴാഴ്ചരാത്രിയാണ് അൽവാസൽ പ്ലാസയിൽ ശൈഖ് റാഷിദിന്റെ ചിത്രം തെളിഞ്ഞത്.

‘യാ റാഷിദ് അൽ ഖൈർ’ എന്ന പ്രദർശനത്തിൽ ഇമറാത്തി സംവിധായകരായ നഹ്ല അൽ ഫഹദ്, അംന ബെൽഹോൾ എന്നിവർ ചേർന്ന് മുഹമ്മദ് ബിൻ സെയഫ് അൽ ഒതൈബ എഴുതിയ അറബി കവിത അവതരിപ്പിച്ചു.

ശൈഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂം നമ്മുടെ ഹൃദയത്തിലും മനസ്സിലും നിലനിൽക്കുന്നുവെന്ന് എക്സ്‌പോ ദുബായുടെ യു.എ.ഇ. കണ്ടന്റ് ഡയറക്ടർ നഹ്ല അൽമഹ്രി പറഞ്ഞു.